തമിഴ്നാട്ടിൽ ബിജെപിയുടെ മുഖമായിരുന്ന കെ അണ്ണാമലൈ ബിജെപി ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചതോടെ പുതിയ നീക്കത്തിന് കളമൊരുങ്ങുകയാണ്. ഡൽഹിയിലെ ഉന്നത ബിജെപി നേതാക്കളുമായി ദിവസങ്ങളോളം നീണ്ട തിരക്കേറിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് അണ്ണാമലൈയുടെ രാജി. അണ്ണാമലൈയുടെ “മക്കൾ ഇയക്കം” ബിജെപി സ്വഭാവവുള്ള പാർട്ടിയായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവച്ചതോടെ കെ അണ്ണാമലൈ യുടെ രാഷ്ട്രീയം എന്താകുമെന്ന ആകാംക്ഷ ശക്തമാക്കുന്നു. ബിജെപിയിൽ നിന്ന് രാജിവച്ച അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നും ഭാവിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് അണ്ണാമലൈയുടെ രാഷ്ട്രീയം സംബന്ധിച്ച് ചോദ്യങ്ങളുയർന്നത്.
തന്റെ തീരുമാനം പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു. 2025 ഡിസംബർ നാലിന് താൻ രാജിവെക്കാൻ പോകുകയാണെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഒരു നല്ല മാറ്റത്തിനായിട്ടാണ് താൻ ബിജെപിയിൽ ചേർന്നത്. എന്നാൽ ഇപ്പോൾ പുതിയ രാഷ്ട്രീയ പാർട്ടി കെട്ടിപ്പെടുക്കേണ്ട സമയമായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തൻ്റെ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കും. കൂടാതെ, കൂടുതൽ സാങ്കേതിക വിദഗ്ധരെ പാർട്ടിയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
തന്റെ പാർട്ടി തമിഴ്നാട്ടിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു കഴിഞ്ഞു. തന്റെ പ്രസ്ഥാനം “ഭാവിയിലേക്ക് നിരവധി പുതിയ നേതാക്കളെ” തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത പാർട്ടികളല്ല, സാധാരണക്കാരാൽ നയിക്കപ്പെടുന്ന ഒരു പാർട്ടിയാകും താൻ വാഗ്ദാനം ചെയ്യുന്നത്. പാർട്ടിയെ പടിപടിയായി കെട്ടിപ്പടുക്കുന്നതിന് ക്ഷമയും സംയമനവും ആവശ്യമാണെന്ന് അണ്ണാമലൈ പറഞ്ഞു.
പുതിയ പാർട്ടി “മക്കൾ ഇയക്കം”
“മക്കൾ ഇയക്കം” എന്ന പുതിയ പാർട്ടിയുമായിട്ടാണ് അണ്ണാമലൈ എത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ പുതിയ പ്രസ്ഥാനമായ അണ്ണാമലൈ മക്കൾ ഇയക്കം (എഎംഐ) വലിയ പ്രതികരണമാണ് നേടിയതെന്ന് അണ്ണാമലൈ പറഞ്ഞു. ഇതുവരെ 3,000ത്തിലധികം ആളുകൾ വളണ്ടിയർമാരായി രജിസ്റ്റർ ചെയ്തു. കൂടുതൽ പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും നിലവിലെ ശക്തമായ പിന്തുണ പൊതുജന താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അണ്ണാമലൈ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.



