ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ലുഫ്താൻസ എയർലൈൻസിൻ്റെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിൻ്റെ മുൻഭാഗത്തെ ലാൻഡിങ് ഗിയർ തകർന്നുവീണു. വിമാനത്താവളത്തിലെ ഗേറ്റിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൻ്റെ മുൻചക്രങ്ങൾ അപ്രതീക്ഷിതമായി തെന്നിമാറുകയും വിമാനത്തിൻ്റെ മൂക്ക് ടാറിലിടിച്ച നിലയിൽ താഴേക്ക് പതിക്കുകയുമായിരുന്നു.

അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന നിരവധി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. അപകടസമയത്ത് വിമാനത്തിൽ യാത്രക്കാർ ആരും തന്നെ കയറിയിരുന്നില്ലെന്ന് ലുഫ്താൻസ വക്താവ് വ്യക്തമാക്കി. യാത്രക്കാർ വിമാനത്തിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

ഫ്രാങ്ക്ഫർട്ടിൽ നിന്നും അമേരിക്കയിലെ ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. ഗ്രൗണ്ട് സ്റ്റാഫും ക്രൂ മെമ്പർമാരും മാത്രമാണ് ഈ സമയത്ത് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. വിമാനത്തിൻ്റെ മുൻഭാഗം റൺവേയിലേക്ക് ആഞ്ഞുപതിക്കുന്നതിൻ്റെയും മുൻവശത്തെ പാനലുകൾ ഇളകിമാറുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അപകടത്തെത്തുടർന്ന് ബോയിങ് കമ്പനിയും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ജനുവരി മധ്യത്തോടെ മാത്രം സർവീസ് ആരംഭിച്ച ലുഫ്താൻസയുടെ പുതിയ ബോയിങ് വിമാനമാണ് ഫ്രാങ്ക്ഫർട്ടിൽ അപകടത്തിൽപ്പെട്ടത്. 

സംഭവത്തെത്തുടർന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള സർവീസ് പൂർണമായും റദ്ദാക്കി. നിലവിലെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി എയർലൈൻസിൻ്റെ പ്രത്യേക ക്രൈസിസ് മാനേജ്മെൻ്റ് ടീം രംഗത്തുണ്ട്.