അമേരിക്കയിലെ വിഖ്യാത സാംസ്കാരിക കേന്ദ്രമായ ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിങ് ആര്‍ട്സ് കോംപ്ലക്സിലെ ഔദ്യോഗിക ബോര്‍ഡുകളില്‍ നിന്നും മറ്റ് അടയാളങ്ങളില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നീക്കം ചെയ്യാന്‍ അടിയന്തര നിര്‍ദേശം. കഴിഞ്ഞ ആഴ്ച ഫെഡറല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി കെന്നഡി സെന്ററിലെ ലീഗല്‍ വിഭാഗമാണ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
‘ട്രംപ്-കെന്നഡി സെന്റര്‍’ അല്ലെങ്കില്‍ ‘ദി ഡൊണാള്‍ഡ് ജെ. ട്രംപ് ആന്‍ഡ് ജോണ്‍ എഫ്. കെന്നഡി സെന്റര്‍’ എന്ന് രേഖപ്പെടുത്തിയ എല്ലാ ബോര്‍ഡുകളും മാറ്റി പഴയതുപോലെ ‘ദി ജോണ്‍ എഫ്. കെന്നഡി സെന്റര്‍’ എന്ന് മാത്രമാക്കാനാണ് ഇമെയില്‍ വഴി ആവശ്യപ്പെട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ പ്രധാന ബോര്‍ഡുകള്‍ക്ക് പുറമെ ജീവനക്കാരുടെ ഇമെയില്‍ സിഗ്നേച്ചറുകള്‍, ഔദ്യോഗിക ലെറ്റര്‍ഹെഡുകള്‍, ബ്രോഷറുകള്‍, വെബ്സൈറ്റ് പേജുകള്‍ എന്നിവയില്‍ നിന്നെല്ലാം ട്രംപിന്റെ പേര് ഒഴിവാക്കണം. കോടതി അനുവദിച്ച 14 ദിവസത്തെ സമയപരിധി ജൂണ്‍ 12 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പറാണ് കഴിഞ്ഞ ആഴ്ച ട്രംപിന് കനത്ത തിരിച്ചടിയായ ഈ വിധി പ്രസ്താവിച്ചത്. യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ കെന്നഡി സെന്ററിന്റെ പേര് മാറ്റാന്‍ ട്രംപ് നാമനിര്‍ദേശം ചെയ്ത ട്രസ്റ്റി ബോര്‍ഡിന് നിയമപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കെന്നഡി സെന്ററിന്റെ പേര് മാറ്റാന്‍ യു.എസ് കോണ്‍ഗ്രസിന് മാത്രമേ അവകാശമുള്ളൂ. കൂടാതെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കെന്നഡി സെന്റര്‍ രണ്ട് വര്‍ഷത്തേക്ക് പൂര്‍ണമായി അടച്ചിടാനുള്ള ബോര്‍ഡിന്റെ മുന്‍ തീരുമാനത്തെയും കോടതി വിമര്‍ശിച്ചു. കൃത്യമായ പ്രോട്ടോക്കോളുകള്‍ പാലിക്കാതെയും വേണ്ടത്ര പഠനങ്ങള്‍ നടത്താതെയുമാണ് ഈ തീരുമാനമെടുത്തതെന്ന് ജഡ്ജി നിരീക്ഷിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ട്രംപ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള ട്രസ്റ്റി ബോര്‍ഡ് കെന്നഡി സെന്ററിന്റെ പേരിനൊപ്പം ഡൊണാള്‍ഡ് ട്രംപിന്റെ പേര് കൂടി കൂട്ടിച്ചേര്‍ക്കാന്‍ വോട്ട് ചെയ്തത്. തുടര്‍ന്ന് കെട്ടിടത്തിന്റെ പ്രധാന ഭാഗത്ത് ട്രംപിന്റെ പേര് സ്ഥാപിക്കുകയും ചെയ്തിരുന്നു. രണ്ടാം തവണയും യു.എസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതു മുതല്‍ കെന്നഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ തോതില്‍ ഇടപെട്ടിരുന്നു. എന്നാല്‍ കെന്നഡി കുടുംബവും വലിയൊരു വിഭാഗം കലാപ്രേമികളും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോടതി വിധിയോടെ ഈ തര്‍ക്കങ്ങള്‍ക്കാണ് ഇപ്പോള്‍ അറുതിയായിരിക്കുന്നത്.



