ഡി കെ ശിവകുമാർ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, കർണാടക കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ പരസ്യമാകുന്നു. തനിക്ക് അനുവദിച്ച ക്യാബിനറ്റ് വകുപ്പിലെ അതൃപ്തിയെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ രാമലിംഗ റെഡ്ഡി തൻ്റെ മന്ത്രിസ്ഥാനം രാജി വെച്ചു. ഏറെ പ്രധാന്യമുള്ള ബെംഗളൂരു വികസന വകുപ്പ് (Bengaluru Development portfolio) തനിക്ക് നിഷേധിച്ചതിലുള്ള കടുത്ത അമർഷത്തെത്തുടർന്നാണ് ഈ രാജിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ക്യാമറകൾക്ക് മുന്നിൽ വെച്ച് തൻ്റെ രാജിപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചു. “അവർ എനിക്ക് രണ്ട് തവണ വാഗ്ദാനം നൽകിയിരുന്നതാണ്, ഇപ്പോൾ ഞാൻ തികച്ചും നിരാശനാണ്. ബെംഗളൂരു വികസന വകുപ്പ് എനിക്ക് നൽകുമെന്ന് ഡി കെ ശിവകുമാർ വ്യക്തിപരമായി പറഞ്ഞിരുന്നതാണ്,” രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
തന്റെ ഔദ്യോഗിക രാജിപത്രം അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.



