ഇസ്രായേലുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ പാസ്‌പോർട്ട് നയം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. അബ്രഹാം ഉടമ്പടിയിൽ പങ്കാളിയാകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാക്കിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തിയത് മുതൽ, ഇസ്രായേലിനെ കുറിച്ചുള്ള പാകിസ്ഥാന്റെ നിലപാടും രാജ്യത്തിന്റെ പാസ്‌പോർട്ട് നയവും വീണ്ടും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. 

ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാനുള്ള കരാറിൽ പാകിസ്ഥാൻ ഒപ്പുവയ്ക്കുകയാണെങ്കിൽ, പാസ്‌പോർട്ടിൽ മാറ്റങ്ങൾ വരുത്താൻ അവർ നിർബന്ധതരായേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത്രയധികം ചർച്ചകൾക്ക് കാരണമാകുന്ന എന്താണ് പാകിസ്ഥാൻ പാസ്‌പോർട്ടിൽ ഇസ്രായേലിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. 

നീക്കങ്ങൾ വിവാദമായതോടെ പാകിസ്ഥാൻ പാസ്‌പോർട്ടിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവത്തിൽ, ഈ പാസ്‌പോർട്ട് ഉപയോഗിച്ച് ഇസ്രായേലിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ല എന്ന് പാകിസ്ഥാൻ പാസ്‌പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അടുത്തിടെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രസ്താവിച്ചത് പാക് പാസ്‌പോർട്ടുകളിൽ ഇസ്രായേലിനെ കുറിച്ച് പരാമർശിച്ചിട്ടേ ഇല്ലെന്നാണ്. 

ഇസ്രായേലിനെ ഒരു രാജ്യമായി പാകിസ്ഥാനും ബംഗ്ലാദേശും അംഗീകരിക്കുന്നില്ല. ഈ കാരണം കൊണ്ടാണ് അവർ തങ്ങളുടെ പാസ്‌പോർട്ടിൽ പോലും ഇക്കാര്യം എടുത്ത് പറഞ്ഞിരിക്കുന്നത്. “ഇസ്രായേൽ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ഈ പാസ്‌പോർട്ടിന് സാധുതയുണ്ട്,” എന്നാണ് പാകിസ്ഥാൻ പാസ്‌പോർട്ടിൽ വ്യക്തമായി എഴുതിയിരിക്കുന്നത്.

യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളെ പോലെ ഇസ്രായേലുമായുള്ള സമാധാന ഉടമ്പടിയിൽ പങ്കാളിയാകാൻ ട്രംപ് പാകിസ്ഥാനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാസ്‌പോർട്ടിലെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. ഇസ്രായേലുമായുള്ള സമാധാന കരാറായ എബ്രാഹാം ഉടമ്പടിയിൽ പാകിസ്ഥാൻ പാങ്കാളിയാകണമെന്ന് ചേരണമെന്നാണ് അമേരിക്കയുടെ ആവശ്യം.

എന്നാൽ, പാസ്‌പോർട്ടിൽ ഇങ്ങനെയൊരു വാചകം ഉൾപ്പെടുത്തിക്കൊണ്ട് ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന തങ്ങളുടെ ദീർഘകാല നിലപാട് പാകിസ്ഥാൻ വ്യക്തമാക്കിയതാണ്. പാകിസ്ഥാനെ പോലെ ബംഗ്ലാദേശിന്റെ പാസ്‌പോർട്ടിലും ഇസ്രായേലിനെ പരാമർശിച്ച് കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

അബ്രാഹാം ഉടമ്പടിയിൽ ചേരാൻ അമേരിക്ക പാകിസ്ഥാന് മേൽ സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിൽ, ഭാവിയിൽ ഇസ്രായേലുമായി ബന്ധപ്പെട്ട ഈ നയത്തിൽ പാകിസ്ഥാൻ തങ്ങളുടെ പാസ്‌പോർട്ടിൽ മാറ്റം വരുത്തുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.