കഠിനമായ രാഷ്ട്രീയ പ്രയത്നങ്ങളും പ്രതിസന്ധികളും ഒടുവിൽ ദീർഘകാലത്തെ നേതൃത്വ തർക്കങ്ങളും നിറഞ്ഞ ഒരു രാഷ്ട്രീയ യാത്രയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട്, കർണ്ണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ഇന്ന് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കർണ്ണാടക രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

64-കാരനായ മുതിർന്ന കോൺഗ്രസ് നേതാവ് ഇന്ന് വൈകുന്നേരം 4:05 ന് ലോക് ഭവനിലെ ഗ്ലാസ് ഹൗസിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. ഗവർണ്ണർ താവർചന്ദ് ഗെഹ്ലോട്ട് അദ്ദേഹത്തിന് ഔദ്യോഗിക പദവിയുടെയും രഹസ്യസ്വഭാവത്തിന്റെയും സത്യവാചകം ചൊല്ലിക്കൊടുക്കും. ശിവകുമാറിനൊപ്പം മന്ത്രിസഭാ രൂപീകരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഒരു കൂട്ടം മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.