ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് 19-കാരിയായ അമ്മ.സിഡബ്ല്യുസി അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിനങ്ങളിൽ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു യുവതി.തുടർച്ചയായ കൗൺസലിംഗിന് ശേഷമാണ് ഇപ്പോൾ നിലപാടിൽ മാറ്റം ഉണ്ടായിരിക്കുന്നത്.
എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കേസ് നിലനിൽക്കെ, നിലവിൽ കുഞ്ഞിനെ അമ്മയുടെ സംരക്ഷണത്തിലേക്ക് വിട്ടുനൽകുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെനന്ന് CWC അറിയിച്ചു.തുടർന്ന് കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി മാറ്റി.
മെയ് 25-നാണ് വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനൽവഴി പുറത്തേക്കിടുകയായിരുന്നു. കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിലായി നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയതിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു



