കാനഡയും ചൈനയും തമ്മിലുണ്ടാക്കിയ പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നുള്ള ആദ്യ ബാച്ച് ഇലക്ട്രിക് വാഹനങ്ങള്‍ കാനഡയിലെത്തി. ഗ്ലോബല്‍ അഫയേഴ്സ് കാനഡ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം മെയ് മാസത്തില്‍ മാത്രം 2,910 ചൈനീസ് ഇലക്ട്രിക് കാറുകളാണ് കാനഡയിലെ തുറമുഖങ്ങളില്‍ എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ജനുവരിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചൈന സന്ദര്‍ശിച്ച വേളയിലാണ് നികുതി ഇളവുകളോടെ പതിനായിരക്കണക്കിന് ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡയിലേക്ക് ഇറക്കുമതി അനുമതി നല്കാന് ധാരണയായത്.
2024 ല്‍ ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ 100 ശതമാനം തീരുവ ചുമത്തിയിരുന്നു. എന്നാല്‍ പുതിയ താരിഫ് കരാര്‍ പ്രകാരം പ്രതിവര്‍ഷം 49,000 ചൈനീസ് ഇവികള്‍ക്ക് വെറും 6.1 ശതമാനം കുറഞ്ഞ നികുതിയില്‍ കാനഡയിലേക്ക് പ്രവേശിക്കാം. പരമാവധി ആറ് മാസത്തെ ക്വാട്ടയായി 24,500 കാറുകള്‍ വീതം മാത്രമേ ഒരു ഘട്ടത്തില്‍ ഇറക്കുമതി ചെയ്യാനാകൂ. ചൈനീസ് കാറുകള്‍ക്ക് കാനഡ വിപണി തുറന്ന് നല്‍കിയതിന് പകരമായി കാനഡയില്‍ നിന്നുള്ള കനോല അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി ഡ്യൂട്ടി കുറയ്ക്കാന്‍ ബീജിംഗും തയ്യാറായിട്ടുണ്ട്.
ആദ്യ ബാച്ചില്‍ എത്തിയ വാഹനങ്ങള്‍ ഏത് ബ്രാന്‍ഡിന്റേതാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ചൈനയിലെ ഷാങ്ഹായിലുള്ള ടെസ്ല ഫാക്ടറിയില്‍ നിര്‍മിച്ച മോഡലുകളാണ് ഇവയില്‍ ഭൂരിഭാഗവുമെന്നാണ് സൂചന. വരും മാസങ്ങളില്‍ ചൈനീസ് കമ്പനികളായ ബിവൈഡി, ചെറി, ഗീലി എന്നിവയുടെ ബജറ്റ് ഫ്രണ്ട്ലി മോഡലുകളും കാനഡയില്‍ എത്തിയേക്കും.
ഇറാന് യുദ്ധ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതും കാനഡ ഫെഡറല്‍ ഇവി റിബേറ്റുകള്‍ തിരികെക്കൊണ്ടുവന്നതും ചൈനീസ് കാറുകളുടെ വരവും ഇലക്ട്രിക് വാഹന വിപണിക്ക് വന്‍ ഉണര്‍വേകുമെന്ന് ഇലക്ട്രിക് മൊബിലിറ്റി കാനഡയുടെ സി.ഇ.ഒ ഡാനിയല്‍ ബ്രെട്ടണ്‍ വ്യക്തമാക്കി. വിപണിയിലെ മത്സരം ഉപയോക്താക്കള്‍ക്ക് അനുകൂലമാകുമെന്നും കാറുകളുടെ വില ഗണ്യമായി കുറയാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനീസ് ഇവികളുടെ വരവിനെതിരെ കാനഡയിലെ പ്രധാന മൂന്ന് മുന്‍നിര വാഹന നിര്‍മാതാക്കള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. ഈ നീക്കം കാനഡയിലെ തദ്ദേശീയ വാഹന വ്യവസായത്തെ തകര്‍ക്കുമെന്നും കനേഡിയന്‍ പൗരന്മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും സൈബര്‍ ഭീഷണി ഉയര്‍ത്തുമെന്നും അവര്‍ ആരോപിക്കുന്നു. ചൈന അന്താരാഷ്ട്ര വ്യാപാര നിബന്ധനകളോ നിയമങ്ങളോ പാലിക്കുന്നില്ല. കാനഡയുടെ സമ്പദ്വ്യവസ്ഥയുടെയും വാഹന വിപണിയുടെയും വിജയത്തിന് അടിസ്ഥാനമായ തത്വങ്ങളെ അട്ടിമറിക്കുന്നതാണ് ഈ തീരുമാനമെന്ന് കനേഡിയന്‍ വെഹിക്കിള്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബ്രയാന്‍ കിംഗ്സ്റ്റണ്‍ വ്യക്തമാക്കി.
വില കുറഞ്ഞ ചൈനീസ് ഇവികളുടെ കടന്നുവരവ് കാനഡയിലെയും വടക്കേ അമേരിക്കയിലെയും വാഹന വ്യവസായ രംഗത്ത് വലിയ വിപ്ലവങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിതുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.



