തെന്നിന്ത്യൻ നടി പ്രിയങ്ക മോഹന് പുതിയ അന്താരാഷ്ട്ര അംഗീകാരം. കൊറിയ ടൂറിസത്തിൻ്റെ പുതിയ ഹോണററി അംബാസഡറായി താരത്തെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ ആണ് ഈ സുപ്രധാന നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിൽ കൊറിയൻ സർക്കാരിനോടും കെടിഒയോടും താരം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഇന്ത്യൻ പ്രേക്ഷകർക്കും കൊറിയൻ സംസ്കാരത്തിനും ഇടയിലുള്ള ഒരു കണ്ണിയായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കി. ഈ പുതിയ പദവി നടിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നായി മാറിയിരിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ നടിയുടെ ഒരു സിനിമ കൊറിയയുമായി ബന്ധപ്പെട്ടതായിരുന്നു. 2026-ൽ നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ‘മേഡ് ഇൻ കൊറിയ’ എന്ന ചിത്രത്തിൽ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാ കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ ഷെൻബ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്.
തമിഴ്നാട്ടിൽ നിന്നും കൊറിയയിലേക്ക് എത്തുന്ന ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ തേടി ടൂറിസം വകുപ്പിൻ്റെ വലിയ നേട്ടമെത്തിയത്.



