സംസ്ഥാനത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപ്പാദനം 100 ലക്ഷം ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമഗ്രമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും പൂർണ്ണ സഹകരണം ആവശ്യമാണെന്നും, മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനത്ത് 70 ലക്ഷം ലിറ്റർ പാലാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ പ്രതിദിന ആവശ്യം 86 ലക്ഷം ലിറ്ററാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷീരകർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയുന്നതിനായി വിപണിയിൽ സർക്കാർ കർശനമായി ഇടപെടും. പാലിന് വില വർധിപ്പിക്കുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില കൂട്ടി കർഷകരെ ദ്രോഹിക്കുന്ന പ്രവണത ഇനി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കർശന മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുഖേന കർഷകർക്ക് കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. വന്യജീവി ആക്രമണങ്ങൾ മൂലം കാർഷിക മേഖല തകർന്നപ്പോൾ കർഷകർക്ക് വലിയ ആശ്വാസമായി മാറിയത് പശു വളർത്തലാണെന്ന് മുഖ്യമന്ത്രി നിരീക്ഷിച്ചു. ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച സന്ദേശം പോലെ വനിതാ കർഷകരെ പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അധ്വാനത്തെ പ്രത്യേകം പ്രശംസിച്ചു. ക്ഷീരകർഷകർക്ക് മുഖ്യമന്ത്രി ലോക ക്ഷീരദിന ആശംസകളും നേർന്നു.
കുട്ടികളാണ് കൂടുതലായി പാൽ കുടിക്കുന്നത് എന്നതിനാൽ പാലിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കർശനമായ പരിശോധനകൾ നടത്തും. നിലവിൽ 50 ശതമാനത്തിൽ താഴെ കർഷകർ മാത്രമാണ് സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ പൂർണ്ണമായും മാറ്റിവെച്ച് കൂടുതൽ കർഷകരെ സംഘങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണം. ഓരോ ആറ് മാസം കൂടുമ്പോഴും പാൽ ഉൽപ്പാദനം വർധിക്കുന്നുണ്ടോയെന്ന് വിലയിരുത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷീരകർഷകർക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള സമഗ്രമായ ക്ഷീരവികസന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മുൻകാലങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പശുക്കളെയും ആടുകളെയും വളർത്തിയിരുന്നു. എന്നാൽ നഗരവൽക്കരണവും സ്ഥലപരിമിതിയും കാരണം ആ കാർഷിക രീതികളിൽ വലിയ മാറ്റം വന്നിട്ടുണ്ട്. എങ്കിലും ക്ഷീരവികസന വകുപ്പും മിൽമയും ചേർന്ന് ഈ മേഖലയെ പരിപോഷിപ്പിക്കാനുള്ള സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. ഏകദേശം എട്ട് ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയായിട്ടും പാൽ ഉൽപ്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. ഉൽപ്പാദന ചെലവിലുണ്ടായ വർധന, കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗങ്ങൾ, പാൽവിലയിൽ നിന്നുള്ള വരുമാനക്കുറവ് തുടങ്ങിയ നിരവധി പ്രതിസന്ധികൾ ഈ മേഖലയിലുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇതിനെ അതിജീവിക്കാനാണ് ശ്രമിക്കുന്നതെന്നും, സ്ത്രീകളടക്കമുള്ള സാധാരണ കർഷകരെ ചേർത്തുപിടിച്ച് കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



