പെൻഷൻ എന്നത് തൊഴിലുടമകളുടെ ഔദാര്യമല്ല, മറിച്ച് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി. സർക്കാർ സർവീസിലുള്ള താത്ക്കാലിക ജീവനക്കാർക്കും പെൻഷന് അർഹതയുണ്ടെന്ന കാട്ടിയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.

ബിഹാറിൽ നിന്നുള്ള ഒരു യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, മസീഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ ഈ പരാമർശം. യുവതിയുടെ ഭർത്താവ് പോസ്റ്റൽ വകുപ്പിൽ ഏകദേശം 30 വർഷത്തോളം കാഷ്വൽ വർക്കറായി ജോലി ചെയ്തിരുന്നെങ്കിലും, ജോലി സ്ഥിരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ നിഷേധിച്ചിരുന്നു. കേന്ദ്ര അഡിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ, പട്ന ഹൈക്കോടതി എന്നിവിടങ്ങളിൽ ഹർജി നൽകിയെങ്കിലും ഫലമുണ്ടാവാതെ വന്നതോടെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.പെൻഷൻ നൽകുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്ര വാദം സുപ്രീം കോടതി തള്ളി. ഒരേ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഒരേ ആനുകൂല്യം നിഷേധിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു