അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് വാണിജ്യ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്നതായി കണ്ടെത്തിയ 30 ഇന്ത്യക്കാരെ ഫെഡറൽ ഓപ്പറേഷന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ഇവരെ ഉടൻ തന്നെ നാടുകടത്തും. മെയ് 11 മുതൽ 15 വരെയുള്ള ആഴ്ചയിൽ നടത്തിയ ‘ഓപ്പറേഷൻ ചെക്ക്മേറ്റ്’ എന്ന പരിശോധനയ്ക്കിടെ, അമേരിക്കയിൽ നിയമവിരുദ്ധമായി കഴിഞ്ഞിരുന്ന  52 പേരെ അരിസോണയിലെ യുമാ സെക്ടറിലെ ബോർഡർ പട്രോൾ ഏജന്റുമാർ അറസ്റ്റ് ചെയ്തതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ തിങ്കളാഴ്ച അറിയിച്ചു. ഇതിൽ 36 പേർ സെമി ട്രക്കുകളിലെ ഡ്രൈവർമാരായിരുന്നു. 

അറസ്റ്റ് ചെയ്യപ്പെട്ട 36 ട്രക്ക് ഡ്രൈവർമാരിൽ 30 പേർ ഇന്ത്യൻ സ്വദേശികളും ബാക്കിയുള്ളവർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ ഇവരുടെ കൈവശമുണ്ടായിരുന്നു. ചിലർക്ക് ഒരു തരത്തിലുള്ള ഡ്രൈവിംഗ് ലൈസൻസും ഇല്ലായിരുന്നു. ജോ ബൈഡൻ ഭരണകാലത്ത് ലഭിച്ചതും നിലവിൽ സാധുതയില്ലാത്തതുമായ വർക്ക് പെർമിറ്റ് രേഖകൾ മിക്കവരുടെയും കൈവശമുണ്ടായിരുന്നു. പിടിയിലായ എല്ലാവർക്കുമെതിരെ ഫെഡറൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.