നീണ്ട ഇടവേളയ്ക്ക് ശേഷം ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പുറമെ ആറാട്ടുപുഴയിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗെല്ല പിടിപെട്ടവരുടെ എണ്ണം അഞ്ചായി. രോഗം ബാധിച്ച കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വയറിളക്കരോഗം വ്യാപകമായ സാഹചര്യത്തിൽ ആറാട്ടുപുഴ പഞ്ചായത്തിൽ സ്കൂളുകളും അങ്കണവാടികളും തുറക്കുന്നത് 15 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. പകർച്ചവ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി.
കോവിഡ് വായുവിലൂടെ പകരുന്ന രോഗമായതിനാൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. പനി, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ, പേശിവേദന, ഛർദ്ദിയും ഓക്കാനവും, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
ജില്ലയിൽ പകർച്ചപ്പനിയും വയറിളക്കവും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഞായറാഴ്ച മാത്രം 88 പേരാണ് വയറിളക്കത്തിന് ചികിത്സ തേടിയത്. തൊട്ടുമുൻപത്തെ ദിവസം 133 പേർക്കായിരുന്നു വയറിളക്കം ബാധിച്ചത്. ഇതിന് പുറമെ 164 പേർ പനിക്ക് ചികിത്സ തേടിയതായും ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.



