തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഓൺലൈൻ സുരക്ഷാ നിയമങ്ങളുടെ ഭാഗമായി പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളുടെ പ്രായം പരിശോധിക്കണമെന്നും 16 വയസ്സിന് താഴെയുള്ള കുട്ടികൾ അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യുന്നത് വിലക്കണമെന്നും മലേഷ്യ നിർബന്ധമാക്കി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മലേഷ്യയിൽ കുറഞ്ഞത് 80 ലക്ഷം ഉപയോക്താക്കളെങ്കിലുമുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കാണ് ഈ നിർദ്ദേശം ബാധകമാവുക.

എന്നാൽ, ഈ നടപടികൾ നടപ്പിലാക്കുന്നതിനായി പ്ലാറ്റ്‌ഫോമുകൾക്ക് കൃത്യമായ സാവകാശം നൽകുമെന്ന് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ അറിയിച്ചു. എന്നാൽ ഈ സാവകാശം എത്ര നാളത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ സോഷ്യൽ മീഡിയ ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക ആഗോളതലത്തിൽ വളരുന്നതിനിടയിലാണ് സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് മലേഷ്യയും എത്തിയിരിക്കുന്നത്.