വിവാഹത്തർക്ക കേസുകളിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ വ്യാജ പോക്സോ പരാതികൾ നൽകുന്ന പ്രവണത വർധിച്ചുവരുന്നത് അതീവ ആശങ്കാജനകമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. വ്യക്തിപരമായ നേട്ടങ്ങൾക്കായി നിയമത്തെ ദുരുപയോഗം ചെയ്യുന്നത് നിരപരാധികളെ കടുത്ത ദുരിതങ്ങളിലേക്ക് തള്ളിവിടുന്നുവെന്നും, ഇത് ജുഡീഷ്യൽ സംവിധാനത്തിന് മേൽ അനാവശ്യ ഭാരം അടിച്ചേൽപ്പിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഭർത്താവിനും കുടുംബത്തിനുമെതിരെ ഒരു സ്ത്രീ നൽകിയ 10-ലധികം ക്രിമിനൽ കേസുകൾ കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
14 വയസ്സുള്ള സ്വന്തം മകളെ ഭർത്താവും ഭർതൃസഹോദരനും ചേർന്ന് പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളും സ്ത്രീ നൽകിയ കേസുകളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും ഇവയെല്ലാം കെട്ടിച്ചമച്ച വ്യാജ പരാതികളാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
വിവാഹബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുമ്പോൾ ഭർത്താവിനെ സമ്മർദ്ദത്തിലാക്കാനും വ്യക്തിവൈരാഗ്യം തീർക്കാനും ക്രിമിനൽ നിയമങ്ങളെ പലരും ആയുധമാക്കുകയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഗാർഹികപീഡനം, സ്ത്രീധനപീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പല പരാതികളും കൃത്യമായ തെളിവുകളോ അടിസ്ഥാനമോ ഇല്ലാത്തവയാണ്. സ്വന്തം താൽപ്പര്യങ്ങൾക്കും നേട്ടങ്ങൾക്കുമായി അമ്മമാർ കുട്ടികളെത്തന്നെ ഇത്തരം കേസുകളിൽ നിയമവിരുദ്ധമായി കരുവാക്കുന്ന സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം വ്യാജ പരാതികളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് കോടതി അഭിഭാഷകരോട് ആവശ്യപ്പെട്ടു. കേസുകൾ കോടതിയിലെത്തിക്കുന്നതിന് മുൻപ് തന്നെ വസ്തുതകൾ കൂടുതൽ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും പരിശോധിക്കാൻ അഭിഭാഷകർ തയ്യാറാകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.



