ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു.

റോബിൻസൺ R66 (Robinson R66) ഹെലികോപ്റ്ററാണ് തകർന്നുവീണത്. അറ്റ്‌ലാന്റ ന്യൂ ടെസ്റ്റമെന്റ് ചർച്ച് അംഗങ്ങളായ ഫിജിഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജി, ഹെലികോപ്റ്റർ പൈലറ്റ് എന്നിവരാണ് മരിച്ചത്.

മെയ് 29 വെള്ളിയാഴ്ച രാത്രി 10.30ഓടെ ഡോസൺവില്ലയിലെ മൗണ്ട് വെർനൺ ഡ്രൈവിന് സമീപമായിരുന്നു അപകടം. ഡേവിന്റെയും ജെസ്‌നിയുടെയും വിവാഹദിനത്തിലുണ്ടായ ദുരന്തം പ്രവാസി മലയാളി സമൂഹത്തെ നടുക്കി. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഡേവായിരുന്നില്ല ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത്. സംഭവസ്ഥലത്തുതന്നെ ഡേവും പൈലറ്റും മരണപ്പെട്ടിരുന്നു. പരിക്കേറ്റ വധു ജെസ്‌നി ചികിത്സയിലാണ്.

ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇ.എം.എസ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചു. പരേതനായ പാസ്റ്റർ ദെസ്‌തോസ് ചെറിയാന്റെ കൊച്ചുമകനാണ് മരിച്ച ഡേവ് ഫിജി.