ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 17 വയസുകാരനായ സൂര്യ പ്രതാപ് ചൗഹാൻ കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. അസദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർധരാത്രിയോടെയാണ് യുപിയിലെ ഖോദ പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായത്.
ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സൂര്യ പ്രതാപ് ചൗഹാൻ കൊല്ലപ്പെട്ടത്.
11-ാം ക്ലാസ് വിദ്യാർഥിയായ സൂര്യ പ്രതാപിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് കനത്ത വർഗീയ സംഘർഷാവസ്ഥയും വലിയ ജനരോഷവും നിലനിന്നിരുന്നു. കുറ്റവാളികളെ ഉടനടി പിടികൂടണമെന്നും എൻകൗണ്ടർ ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളും നാട്ടുകാരും പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഒളിവിൽ പോയ മുഖ്യപ്രതി അസദിനായി പോലീസ് തിരച്ചിൽ ശക്തമാക്കിയത്.
അസദ് തന്റെ കൂട്ടാളികളെ കണ്ട് പണം വാങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഖോദ പ്രദേശത്ത് പരിശോധന കർശനമാക്കി.
ഒരു ബൈക്കിൽ സുഹൃത്തിനൊപ്പം എത്തിയ അസദിനെ തടയാൻ ശ്രമിച്ചപ്പോൾ, ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് അസദിന് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പോലീസ് കോൺസ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്.



