കർണാടകയുടെ ഭരണചുമതല ഡി.കെ. ശിവകുമാറിന് കൈമാറിയെങ്കിലും മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ റോൾ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം. ശനിയാഴ്ച ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം ഡി.കെ. ശിവകുമാറിനെ പുതിയ നേതാവായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ, സിദ്ധരാമയ്യയെ വിശ്രമിക്കാൻ പാർട്ടി അനുവദിക്കില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു. കർണാടക രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായ പങ്ക് വഹിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

ബെംഗളൂരുവിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് ഡി.കെ. ശിവകുമാറിനെ പുതിയ സിഎൽപി നേതാവായും കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായും ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം രണ്ട് ദിവസം മുൻപ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി യോഗം ചേർന്നത്.