കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇ.ഡി) നടപടികൾ കടുപ്പിക്കുന്നു. കേസിൽ കള്ളപ്പണ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം നേരിടുന്ന പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ മകൾ ടി. വീണയുടെ ബാങ്ക് ലോക്കറുകൾ പരിശോധിക്കാൻ ഇ.ഡി ഒരുങ്ങുന്നതായാണ് സൂചന. ഇതിൻ്റെ തുടർനടപടിയായി കേസിൽ ഉൾപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കങ്ങളും കേന്ദ്ര ഏജൻസി ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലും ബംഗളൂരുവിലുമായി നടത്തിയ വ്യാപക റെയ്ഡുകൾക്ക് പിന്നാലെ അന്വേഷണത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ടി. വീണയുടേത് ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപയാണ് ഇ.ഡി ഇതുവരെ മരവിപ്പിച്ചിട്ടുള്ളത്. ഇതിൽ വീണ വിജയൻ്റെ ബാങ്ക് അക്കൗണ്ടും ഫിക്സഡ് ഡിപ്പോസിറ്റും ഉൾപ്പെടുന്നു.

റെയ്ഡിൽ പിടിച്ചെടുത്ത വീണയുടെ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇതിന് മുന്നോടിയായി ഇവ വീണയുടെ സാന്നിധ്യത്തിൽ തുറന്ന് പ്രാഥമിക പരിശോധന നടത്താനാണ് തീരുമാനം. നിലവിൽ ലഭിച്ച ബാങ്ക് വിവരങ്ങളുടെയും ഡിജിറ്റൽ രേഖകളുടെയും അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിനായി ടി. വീണയ്ക്ക് ഇ.ഡി ഉടൻ തന്നെ വീണ്ടും സമൺസ് അയക്കും. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത ഒഴിവാക്കാൻ വീണ വിജയനെതിരെ യാത്രാവിലക്ക് ഏർപ്പെടുത്താനും ഇ.ഡി നീക്കം നടത്തുന്നുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്.