രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ വിവാദത്തില്‍ നിര്‍ണായക നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാരും സിബിഐയും. രാജ്യത്തെ പ്രധാന അഖിലേന്ത്യാ പരീക്ഷകളുടെ ചോദ്യപേപ്പര്‍ സുരക്ഷാ ചുമതല ഇന്ത്യന്‍ സൈന്യത്തിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.
പരീക്ഷാ സുരക്ഷയിലെ വിട്ടുവീഴ്ചകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഈ സുപ്രധാന നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്നു. പുതിയ പദ്ധതി പ്രകാരം, ചോദ്യപേപ്പര്‍ അച്ചടിക്കുന്നത് മുതല്‍ അവ പരീക്ഷാ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി എത്തിക്കുന്നത് വരെയുള്ള അതീവ രഹസ്യ സ്വഭാവമുള്ള ഘട്ടങ്ങളുടെ പൂര്‍ണ്ണ ചുമതല സൈന്യത്തിന് നല്‍കാനാണ് ആലോചന.
വിവാദങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷകള്‍ വീണ്ടും നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി. പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍, വരാനിരിക്കുന്ന പുനപരീക്ഷകളില്‍ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും കനത്ത സുരക്ഷയും ഉറപ്പാക്കാന്‍ തീരുമാനമായി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കേസില്‍ സി.ബി.ഐ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ട് പ്രമുഖരെക്കൂടി പ്രത്യേക സംഘം അറസ്റ്റ് ചെയ്തതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. പൂനെയിലെ പ്രമുഖ കോച്ചിംഗ് സെന്ററായ എ.പി.എം.എയിലെ ഫിസിക്‌സ് അധ്യാപകന്‍ തേജസ് ഹര്‍ഷദ്കുമാര്‍ ഷാ. ലാത്തൂരിലെ പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. മനോജ് ഷിരൂരെ എന്നിവരാണ് അറസ്റ്റിലായത്.
കേസില്‍ നേരത്തെ അറസ്റ്റിലായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനീഷ ഹവില്‍ദാറില്‍ നിന്നാണ് ഫിസിക്‌സ് ചോദ്യങ്ങള്‍ അധ്യാപകനായ തേജസ് ഷായ്ക്ക് ലഭിച്ചതെന്ന് സിബിഐ കണ്ടെത്തി. മനീഷയുടെ ഫോണില്‍ തേജസ് ഷായുടെ നമ്പര്‍ ഗോഡ് എന്ന പേരില്‍ ആയിരുന്നു സേവ് ചെയ്തിരുന്നത്.
ഈ ചോദ്യങ്ങള്‍ തേജസ് ഷാ വഴി ലാത്തൂരിലെ കോച്ചിംഗ് സെന്റര്‍ ഉടമ ശിവരാജ് മൊട്ടേഗാവ്കര്‍ക്കും, അവിടെ നിന്ന് ഡോ. മനോജ് ഷിരൂരെ വഴിയും വന്‍ തുക കൈപ്പറ്റി സ്വാധീനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. കെമിസ്ട്രി ചോദ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ റിട്ട. അധ്യാപകന്‍ പി.വി കുല്‍ക്കര്‍ണി നേരത്തെ പിടിയിലായിരുന്നു. ഈ വന്‍ റാക്കറ്റിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതല്‍ പ്രതികളെക്കുറിച്ചും സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി.



