തിരുവനന്തപുരം: നഷ്ടവും അധിക ബാധ്യതയും കുറച്ച് സംസ്ഥാനത്തുടനീളം കൂടുതല്‍ ബസ്സുകളോടിക്കാൻ കെഎസ്ആർടിസി. ഗ്രാമീണ മേഖലയിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തുകളുടെ സഹകരണത്തില്‍ ഗ്രാമവണ്ടികൾ ഓടിക്കും. പഞ്ചായത്ത് ആവശ്യപ്പെട്ടാൽ ഗ്രാമവണ്ടികൾ ഓടിക്കുക എന്ന പദ്ധതി കഴിഞ്ഞ സർക്കാരിറെ കാലത്താണ് തുടങ്ങിയത്. ഈ പദ്ധതി വ്യാപകമായി നടപ്പിലാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കെഎസ്ആര്‍ടിസി ഗ്രാമവണ്ടികൾ ഓടിക്കുക. ഇത്തരം വണ്ടികൾക്ക് ഇന്ധനത്തിന് ചിലവാകുന്ന തുക തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്ന് വിനിയോഗിക്കാന്‍ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. എം. വി. ഗോവിന്ദന് മാസ്റ്റർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെയാണ് അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പിലായത്.
ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ‘ ഗ്രാമ വണ്ടി ’പദ്ധതി കൂടുതല്‍ വ്യാപകമാക്കുന്നത്.
പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് ഇന്ധന ചെലവ് തുക കണ്ടെത്തുന്ന കാര്യം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. ഇന്ധനം ഒഴികെയുള്ള ചെലവുകള്‍ കെഎസ്ആര്‍ടിസിയാണ് വഹിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദ്ദേശാനുസരണമാണ് ഗ്രാമവണ്ടികളുടെ റൂട്ടുകള്‍ ക്രമികരിക്കുക. സ്റ്റേ ബസുകളിലെ ജീവനക്കാര്‍ക്ക് സ്റ്റേ റൂമും പാര്‍ക്കിങ് സൗകര്യവും തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കണം. എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്ന സര്‍വീസുകള്‍ക്ക് മുന്‍ഗണന നല്‍കും. ഗതാഗത സൗകര്യം തീരെയില്ലാത്ത മേഖലകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി ഓടിക്കുന്നതിലൂടെ പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നതാണ് മെച്ചം. ജന്മദിനം, വിവാഹവാര്‍ഷികം, ചരമവാര്‍ഷികം പോലുള്ള വിശേഷ അവസരങ്ങളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമ വണ്ടി സ്പോണ്സര് ചെയ്യാനുള്ള അവസരം ഉണ്ടാകും. സ്പോണ്‍സറുടെ വിവരങ്ങള്‍ പ്രത്യേകം ഡിസ്പ്ലേ ചെയ്യാനുള്ള സംവിധാനവും ഗ്രാമ വണ്ടികളിലുണ്ട്.
ഇതുകൂടാതെ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നവീകരണ സാധ്യതകള്‍ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക റിസര്‍ച്ച് വിങ് ആരംഭിക്കും. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍, കെഎസ്ആര്‍ടിസി സിഎംഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം വന്നത്.
ശബരിമല മണ്ഡലകാല സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.



