വത്തിക്കാന്‍: ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്ന നൈജീരിയയുടെ മദ്ധ്യ-വടക്കൻ പ്രദേശത്തുള്ള കടുന (Kaduna) സംസ്ഥാനത്ത് അടുത്തിടെ ആക്രമണങ്ങൾ കൂടുതൽ വർദ്ധിച്ചുവെന്ന് ഫീദെസ് ഏജൻസി. ഫെബ്രുവരി 26 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം, പ്രദേശത്തുള്ള കുർമിൻ ദങ്കാന (Kurmin Dangana) ജില്ലയിലെ ക്രൈസ്തവസമൂഹത്തിന് നേരെ കഴിഞ്ഞ മൂന്ന് മാസങ്ങളിൽ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഒൻപത് പേരെങ്കിലും കൊല്ലപ്പെട്ടുവെന്നും ഇരുപത്തിയഞ്ച് പേരെങ്കിലും തട്ടിക്കൊണ്ടുപോകപ്പെട്ടുവെന്നും ഏജൻസി അറിയിച്ചു.
അബുജയിലുള്ള കത്തോലിക്കാ ജനറൽ സെക്രെട്ടറിയേറ്റിലേക്ക് അയച്ച ഒരു രേഖയിൽ, കടുന അതിരൂപതാ ചാൻസിലർ ഫാ. ക്രിസ്ത്യൻ ഒകേവു എമ്മാനുവേൽ എഴുതിയ വിവരങ്ങളെ ആധാരമാക്കിക്കൂടിയാണ് ഫീദെസ് ഇത്തരമൊരു കുറിപ്പ് പുറത്തുവിട്ടത്. പ്രദേശത്ത് ചില ക്രൈസ്തവസമൂഹങ്ങൾക്കും അജപാലനകേന്ദ്രങ്ങൾക്കും നേരെ തുടർച്ചയായ തീവ്രവാദ ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ഫാ. ക്രിസ്ത്യൻ എഴുതിയിരുന്നു.
മെയ് 21 വ്യാഴാഴ്ച വൈകുന്നേരം കുർമിൻ ബൊങ്കോയിലുള്ള (Kurmin Bongo) ഒരു കേന്ദ്രത്തിന് നേരെ അക്രമികൾ നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടെന്നും പത്ത് പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയെന്നും കടുന അതിരൂപതാ ചാൻസിലർ എഴുതി. ഇവരിൽ രണ്ടുപേരെ പിന്നീട് മോചിപ്പിക്കാനായെന്നും അദ്ദേഹം അറിയിച്ചു.
മാർച്ച് രണ്ടാം തീയതി കസരു-ബിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് വെടിയേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ എട്ടുപേരെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകൾ സ്വാതന്ത്രരാക്കപ്പെട്ടതിന് രണ്ടാഴ്ചകൾക്ക് ശേഷം മെയ് ഒന്നാം തീയതി സബോൺ ഗാരിയിലും ഒരു ആക്രമണം നടന്നിരുന്നു. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റതായും പത്തുപേർ തട്ടിക്കൊണ്ടുപോകപ്പെട്ടതായും രൂപത അറിയിച്ചു. ഇവരിൽ ഒരാൾ പിന്നീട് കൊല്ലപ്പെട്ടിരുന്നു.
തുടർച്ചയായ ഈ ആക്രമണങ്ങൾ മൂലം ആളുകൾ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്ന് അറിയിച്ച ഫീദെസ്, ജനജീവിതം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും, തങ്ങളുടെ ജനത്തിന്റെ സ്വത്തിന് സംരക്ഷണം നൽകണമെന്നും അതിരൂപത ഗവൺമെന്റിനോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ, ക്രൈസ്തവരുടേതുൾപ്പെടെ നിരവധി സമൂഹങ്ങളെയാണ് ഇത്തരം ആക്രമണങ്ങൾ ബാധിക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ള വിവിധ ഗ്രൂപ്പുകളിൽ ഒന്നായ ഫുലാനി ഇടയന്മാരുടെ സമൂഹങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന്, കോഗി സംസ്ഥാനത്തുള്ള ഇത്തരമൊരു ഫുലാനി സമൂഹം പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ പെസഹാ ഞായറാഴ്ച ഏപ്രിൽ അഞ്ചാം തീയതി കാച്ചിയയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വിശ്വാസികളുടെ സ്വാതന്ത്ര്യത്തിനായി ആറേകാൽ ലക്ഷത്തിലധികം യൂറോയാണ് (ഏഴുകോടിയിലധികം രൂപ) വിമോചനദ്രവ്യമായി അക്രമികൾ ആവശ്യപ്പെട്ടിരിക്കുന്നത്.



