കാനഡയില്‍ നിന്നുള്ള വേര്‍പിരിയല്‍ വിഷയത്തില്‍ ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും അവരുടെ സ്വന്തം പാര്‍ട്ടിയായ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രസിഡന്റും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം ഒടുവില്‍ പ്രീമിയറുടെ വിജയത്തോടെ അവസാനിച്ചു. വരാനിരിക്കുന്ന ശരത്കാല ജനഹിത പരിശോധനയില്‍ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും കാനഡയ്‌ക്കൊപ്പം ഐക്യത്തോടെ നില്‍ക്കുമെന്നും പ്രീമിയര്‍ വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം യുസിപി പാര്‍ട്ടി പ്രസിഡന്റ് റോബ് സ്മിത്ത് നടത്തിയ ചില പ്രസ്താവനകളാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. വരാനിരിക്കുന്ന ഒക്ടോബര്‍ 19 ലെ ജനഹിത പരിശോധനയില്‍ പാര്‍ട്ടി ഒരു പ്രത്യേക നിലപാടും സ്വീകരിക്കില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലെ ഭൂരിഭാഗം അംഗങ്ങളും കാനഡയില്‍ തുടരുന്നതിനെതിരെ വോട്ട് ചെയ്യാനാണ് സാധ്യതയെന്നും എന്നാല്‍ ഔദ്യോഗിക നയരൂപീകരണ വോട്ടെടുപ്പ് നടക്കാത്തതിനാല്‍ പാര്‍ട്ടിക്ക് ഒരു വശത്തേക്ക് മാത്രമായി നിലപാടെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘അവസാന വാക്ക് എന്റേത്’ – എന്നും ഡാനിയേല്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച നടന്ന റേഡിയോ അഭിമുഖങ്ങളില്‍ പാര്‍ട്ടി പ്രസിഡന്റിന്റെ ഈ നിലപാടിനെ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. പാര്‍ട്ടിയുടെ കാര്യത്തില്‍ തന്റെ വാക്കാണ് അവസാന വാക്കെന്നും ഒരു ഐക്യ കാനഡയ്ക്കുള്ളില്‍ സ്വയംഭരണാവകാശമുള്ള ആല്‍ബെര്‍ട്ട എന്നതാണ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വമെന്നും അവര്‍ വ്യക്തമാക്കി.
‘ഞാന്‍ നമ്മുടെ സര്‍ക്കാരിനും കോക്കസിനും പാര്‍ട്ടിക്കും വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു ഐക്യ കാനഡയ്ക്കുള്ളില്‍ ആല്‍ബെര്‍ട്ടയ്ക്ക് പരമാധികാരം നല്‍കണമെന്നത് പാര്‍ട്ടിയുടെ സ്ഥാപക തത്വമായിരുന്നു. എന്റെ എല്ലാ എംഎല്‍എമാരും അതില്‍ വിശ്വസിച്ച് തിരഞ്ഞെടുക്കപ്പെട്ടവരാണ്.’ – ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കി.
അതേസമയം പ്രീമിയറുടെ ശക്തമായ ഇടപെടലിന് പിന്നാലെ യുസിപി തങ്ങളുടെ നിലപാട് തിരുത്തി പുതിയ പ്രസ്താവനയിറക്കി. ആല്‍ബെര്‍ട്ട കാനഡയില്‍ തുടരുന്നതിനെ പാര്‍ട്ടി എപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്ന് പുതിയ പ്രസ്താവന വ്യക്തമാക്കുന്നു. ഒരു ഐക്യ കാനഡയ്ക്കുള്ളില്‍ പരമാധികാരമുള്ള ആല്‍ബെര്‍ട്ട എന്നതാണ് തുടക്കം മുതല്‍ പാര്‍ട്ടിയുടെയും കോക്കസിന്റെയും സര്‍ക്കാരിന്റെയും ഔദ്യോഗിക നിലപാടെന്ന് അവര്‍ സമ്മതിച്ചു.
വേര്‍പിരിയലിനെ അനുകൂലിക്കുന്നവര്‍ അതിന്റെ ആഴം മനസ്സിലാക്കുന്നില്ലെന്ന് പ്രീമിയര്‍ സ്മിത്ത് ചൂണ്ടിക്കാണിച്ചു. സ്വന്തമായി സായുധ സേന രൂപീകരിക്കുന്നതും അതിര്‍ത്തികള്‍ നിയന്ത്രിക്കുന്നതും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. അയല്‍ പ്രവിശ്യകളായ സസ്‌കാച്ചെവാനിലേക്കും ബ്രിട്ടീഷ് കൊളംബിയയിലേക്കും യാത്ര ചെയ്യാന്‍ പാസ്പോര്‍ട്ടും അതിര്‍ത്തി പരിശോധനകളും വേണ്ടിവരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും. 2016 ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ വേര്‍പിരിഞ്ഞതിന് ശേഷമുണ്ടായ പ്രായോഗിക പ്രതിസന്ധികളും അവര്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.



