ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സമർപ്പിച്ചു. ബെംഗളൂരിലെ ലോക് ഭവനിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഗവർണർ താവർചന്ദ് ഗെലോട്ട് സ്ഥലത്തില്ലാത്തതിനാൽ രാജി കത്ത് അദ്ദേഹം ഗവർണറുടെ സെക്രട്ടറിയെ ഏൽപ്പിക്കുകയായിരുന്നു. ഗവർണർ വൈകുന്നേരത്തോടെ മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചതിനെ തുടർന്നാണ് കത്ത് സെക്രട്ടറിക്ക് കൈമാറിയതെന്ന് രാജിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കി.
കോൺഗ്രസ് ഹൈകമാൻഡ് ആവശ്യപ്പെട്ടത് എന്തും ചെയ്യാൻ താൻ തയ്യാറാണെന്ന് രാജിക്ക് ശേഷം സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഹൈകമാൻഡ് ആവശ്യപ്പെടുമ്പോൾ എപ്പോൾ വേണമെങ്കിലും ഞാൻ രാജിവെക്കുമെന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു’, അദ്ദേഹം ഓർമ്മിപ്പിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കർണാടകയിലെ ഏഴ് കോടി ജനങ്ങളെ രണ്ട് തവണ മുഖ്യമന്ത്രിയായും രണ്ട് തവണ പ്രതിപക്ഷ നേതാവായും സേവിക്കാൻ അവസരം നൽകിയതിന് അദ്ദേഹം പാർട്ടി നേതൃത്വത്തോട് കടപ്പാട് രേഖപ്പെടുത്തി.
ഭരണഘടനയാണ് തന്റെ മതം എന്നും വോട്ടർമാരാണ് തനിക്ക് ദൈവമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. തന്റെ ഭരണകാലത്ത് സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാനും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സത്യസന്ധമായി നടപ്പാക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ഊർജ്ജ മന്ത്രി കെ ജെ ജോർജ് എന്നിവരും മറ്റ് മന്ത്രിസഭാ സഹപ്രവർത്തകരും പങ്കെടുത്തു.
സിദ്ധരാമയ്യ ഒഴിഞ്ഞതോടെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കും. അദ്ദേഹത്തോടൊപ്പം രണ്ട് മുതൽ മൂന്ന് വരെ ഉപമുഖ്യമന്ത്രിമാരും പുതിയ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. രാജി സമർപ്പിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. യോഗത്തിനെത്തിയ ഡികെ ശിവകുമാർ സിദ്ധരാമയ്യയുടെ കാൽതൊട്ട് വന്ദിക്കുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.
കോൺഗ്രസിൻ്റെ പ്രധാന സംഘാടകനായി അറിയപ്പെടുന്ന ഡികെ ശിവകുമാറിൻ്റെ ജനകീയ അടിത്തറയും സംഘടനാ ശേഷിയുമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. കേരളത്തിലെയും കർണാടകയിലെയും യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ.



