തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. നിരോധനം അടിയന്തരമായി നടപ്പാക്കണമെന്നാണ് കോടതിയുടെ കർശന നിർദേശം. ബക്രീദ് ദിനങ്ങളിലടക്കം ഒരു കാരണവശാലും പൊതുസ്ഥലങ്ങളിൽ പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പ് ചെയ്യാൻ അനുവദിക്കരുതെന്ന് ഹൈകോടതി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകി. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.

ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ അംഗീകരിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ കശാപ്പ് അനുവദിക്കാവൂ എന്ന് കോടതി വ്യക്തമാക്കി. പൊതുഇടങ്ങളിൽ കശാപ്പ് നടത്തുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളിൽ കശാപ്പ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈകോടതിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ഹൈകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ വിലയിരുത്താൻ കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.