മെയ് 23, ശനിയാഴ്‌ച അതിരാവിലെ കൊൽക്കത്തയിലെ എയർപോർട്ടിൽ വന്നിറങ്ങിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരെ തിരിഞ്ഞത് നഗരത്തിന്റെ തിരക്കുകളിലേക്കായിരുന്നില്ല; മറിച്ച് ശാന്തതയും കാരുണ്യവും നിറഞ്ഞ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ മദർ ഹൗസിലേക്കായിരുന്നു. തന്റെ നാല് ദിവസത്തെ ഇന്ത്യൻ പര്യടനത്തിന്റെ തുടക്കത്തിൽ, ഭാര്യ ജീനെറ്റ് ഡൗസ്ഡെബെസിനൊപ്പം അദ്ദേഹം നടത്തിയ ഈ അപ്രതീക്ഷിത സന്ദർശനം, മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികൾക്ക് പകർന്നുനൽകിയത് വലിയൊരു ആശ്വാസവും ഇരട്ടി സന്തോഷവുമാണ്.

മദർ ഹൗസിന്റെ താഴത്തെ നിലയിലുള്ള അഗതികളുടെ അമ്മയായ വി. മദർ തെരേസയുടെ കല്ലറയിൽ നടന്ന പ്രത്യേക വിശുദ്ധ കുർബാനയിൽ പങ്കെടുത്ത റൂബിയോ, അമേരിക്കൻ ജനതയ്ക്ക് വേണ്ടി അവിടെ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് മദർ ഹൗസിലെ സിസ്റ്റർമാർക്കൊപ്പം അദ്ദേഹം സമയം ചിലവഴിച്ചപ്പോൾ, വരാന്തകളിൽ നിന്ന് അദ്ദേഹത്തെ നോക്കിക്കണ്ട നൊവിഷ്യറ്റുകളുടെ മുഖത്ത് വിരിഞ്ഞത് ഒരപൂർവ്വ സന്ദർശനത്തിന്റെ കൗതുകമായിരുന്നു. തുടർന്ന് സമീപത്തുള്ള ‘ശിശു ഭവനിലെ’ ഭിന്നശേഷിക്കാരായ അനാഥ കുട്ടികൾക്ക് അദ്ദേഹം ടെഡി ബെയറുകൾ സമ്മാനിച്ചപ്പോൾ, അത് മദർ തെരേസയുടെ കാരുണ്യത്തിന്റെ പൈതൃകത്തോടുള്ള ആദരവായി മാറി.

ഈ സന്ദർശനം വെറുമൊരു ഔദ്യോഗിക ചടങ്ങ് മാത്രമായിരുന്നില്ല, മറിച്ച് സമീപകാലത്ത് ഇന്ത്യൻ ക്രൈസ്തവ സമൂഹവും മിഷണറീസ് ഓഫ് ചാരിറ്റിയും നേരിട്ട ചില കടുത്ത സമ്മർദ്ദങ്ങൾക്കിടയിലുള്ള ശക്തമായൊരു ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ (FCRA) ലൈസൻസ് റദ്ദാക്കപ്പെട്ടതും, വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കിയപ്പോൾ വോട്ടവകാശത്തിനായി സിസ്റ്റർമാർക്ക് പോലും അപ്പീൽ നൽകേണ്ടി വന്നതുമെല്ലാം ഈ സമൂഹത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. അത്തരം ഒരു പശ്ചാത്തലത്തിൽ, ഈ ഉയർന്ന യു.എസ് നയതന്ത്രജ്ഞന്റെ സന്ദർശനം തങ്ങൾക്ക് വലിയൊരു സുരക്ഷിതത്വബോധം നൽകുന്നുവെന്ന് അഖിലേന്ത്യാ കത്തോലിക്കാ യൂണിയൻ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു.

അതേ ദിവസം ഉച്ചകഴിഞ്ഞ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 നൊവിസസ് തങ്ങളുടെ നിത്യവ്രത വാഗ്ദാനം നടത്തിയ ചടങ്ങ് കൂടിയായപ്പോൾ മദർ ഹൗസിന് അത് ഇരട്ടി മധുരമുള്ള ദിനമായി മാറി. പ്രതിസന്ധികളുടെ കനൽവഴികളിലും മദറിന്റെ കാരുണ്യത്തിന്റെ ദീപം കെടാതെ സൂക്ഷിക്കുന്ന സന്യാസിനികൾക്ക്, ഈ അന്താരാഷ്ട്ര ശ്രദ്ധയും പിന്തുണയും വരുംനാളുകളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കരുത്ത് പകരുമെന്നതിൽ സംശയമില്ല.