ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 10 പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.

മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരടക്കം പത്ത് പേരുടെ പങ്കാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരിൽ ചിലർ പാർട്ടി ഓഫീസിലുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ ഇപ്പോൾ വലിയ പൊലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം.

പാർട്ടി ഓഫീസിനുള്ളിൽ പൊലീസ് പ്രവേശിക്കരുതെന്ന ആവശ്യവും നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കാമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. വിഷയത്തിൽ സംഘർഷം ഒഴിവാക്കാൻ പൊലീസ്-പാർട്ടി നേതാക്കൾ തമ്മിൽ ചർച്ചകൾ തുടരുകയാണ്.

ഇഡി പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥർ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ സംഘർഷത്തിലാണ് ആക്രമണം നടന്നത്. അതിക്രമത്തിൽ ഇഡി വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.