സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം കടുക്കുന്നു. പരിശോധനയ്ക്കെത്തിയ കേന്ദ്ര ഏജൻസിയുടെ സുരക്ഷാസേനയ്ക്ക് നേരെ പ്രതിഷേധക്കാരിൽ ചിലർ കല്ലുകളും കുപ്പികളും എറിഞ്ഞതായി റിപ്പോർട്ട്. വീടിന് സമീപം വലിയ തോതിൽ സിപിഎം പ്രവർത്തകർ ഒത്തുകൂടിയതോടെ സ്ഥിതി നിയന്ത്രണാതീതമായി.പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് സംഘർഷം കൂടുതൽ രൂക്ഷമായത്. സുരക്ഷാ സേനയുടെ ഹെൽമെറ്റുകൾ പിടിച്ചെടുത്ത് എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വീടിന്റെ പരിസരത്തേക്ക് തള്ളിക്കയറാനുള്ള ശ്രമവും ഉണ്ടായി. പിന്നീട് മുതിർന്ന നേതാക്കളായ വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു.
അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിൻറെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു എന്നാണ് വിവരം.



