വാള്‍ട്ടര്‍ റീഡ് മിലിറ്ററി ആശുപത്രിയില്‍ മൂന്നര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷം തന്റെ ആരോഗ്യം ‘പെര്‍ഫെക്റ്റ്’ ആണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, വൈറ്റ് ഹൗസ് പുറത്തുവിടുന്ന വിവരങ്ങളിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി പ്രമുഖ മെഡിക്കല്‍ വിദഗ്ദ്ധര്‍ രംഗത്തെത്തി. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പും അടുത്ത മാസം തികയുന്ന 80-ാം വയസ്സും കണക്കിലെടുക്കുമ്പോള്‍ ട്രംപിന്റെ ആരോഗ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഈ പരിശോധനയോടെ ചൂടുപിടിച്ചിരിക്കുകയാണ്.
പൊതുവേദികളില്‍വെച്ച് ട്രംപിന്റെ കൈകളില്‍ കാണപ്പെട്ട കറുത്ത ചതവുകള്‍ മാധ്യമങ്ങള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരന്തരമായ ഹസ്തദാനങ്ങള് കൊണ്ടാണ് ഇതെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഹൃദയാരോഗ്യത്തിനായി ട്രംപ് കഴിക്കുന്ന ആസ്പിരിന്റെ അളവ് വളരെ കൂടുതലാണെന്നാണ് സിഎന്‍എന്‍ ചീഫ് മെഡിക്കല്‍ കറസ്പോണ്ടന്റ് ഡോ. സഞ്ജയ് ഗുപ്തയുടെ വെളിപ്പെടുത്തല്‍.
സാധാരണയായി പ്രതിരോധത്തിനായി നല്കുന്ന 81 മില്ലിഗ്രാം ലോ-ഡോസ് ആസ്പിരിന്‍ പകരം ട്രംപ് 325 മില്ലിഗ്രാമിന്റെ ഉയര്‍ന്ന ഡോസ് ആണ് കഴിക്കുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ആസ്പിരിന്‍ താന്‍ കഴിക്കാറുണ്ടെന്ന് ട്രംപ് തന്നെ മുന്‍പ് സമ്മതിച്ചിരുന്നു. ഇത് രക്തം അമിതമായി നേര്‍ക്കാനും എളുപ്പത്തില്‍ ചര്‍മ്മത്തിനടിയില്‍ രക്തസ്രാവം ഉണ്ടാകാനും കാരണമാകുന്നു.
കൈകളിലെ ചതവുകള്‍ക്ക് പുറമെ, അടുത്തിടെ ഓവല്‍ ഓഫീസിലെ കൂടിക്കാഴ്ചകളില്‍ ട്രംപിന്റെ കഴുത്തില്‍ വലിയ രീതിയില്‍ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ഡോ. സീന്‍ ബാര്‍ബബെല്ല ഇതിനായി ഒരു പ്രത്യേക ക്രീം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും, കൃത്യമായി എന്ത് ചര്‍മ്മരോഗമാണെന്ന് വെളിപ്പെടുത്താന്‍ വൈറ്റ് ഹൗസ് തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കൂടാതെ കാബിനറ്റ് മീറ്റിംഗുകളിലും മറ്റ് ഔദ്യോഗിക ചടങ്ങുകളിലും ട്രംപ് തുടര്‍ച്ചയായി കണ്ണുകളടച്ച് ഉറക്കം തൂങ്ങുന്നതിനെ വെറും കണ്ണ് ചിമ്മല്‍ അല്ലെങ്കില്‍ റിലാക്സേഷന് എന്ന് പറഞ്ഞ് വൈറ്റ് ഹൗസ് തള്ളിക്കളയുമ്പോള്‍ മെഡിക്കല്‍ രംഗത്തുള്ളവര്‍ അതിനോട് യോജിക്കുന്നില്ല. ട്രംപിന് ഗുരുതരമായ ‘ഡേടൈം സോമ്നലന്സ്’ അഥവാ പകല്‍ സമയത്തുണ്ടാകുന്ന അമിതമായ ഉറക്കം തൂങ്ങല്‍ ഉണ്ടെന്നാണ് മുന്‍ വൈറ്റ് ഹൗസ് ഡോക്ടര്‍മാരുടെ നിരീക്ഷണം. ഇത് പ്രായമേറുന്നതിന്റെയോ മറ്റ് ആന്തരിക രോഗങ്ങളുടെയോ ലക്ഷണമാകാമെന്നും അവര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ വര്‍ഷം ട്രംപിന് നടത്തിയ പരിശോധനകളില്‍ വൈറ്റ് ഹൗസ് പുലര്‍ത്തിയ രഹസ്യാത്മകതയും വിമര്‍ശിക്കപ്പെടുന്നുണ്ട്. ട്രംപിന് നടത്തിയത് എംആര്‍ഐ സ്കാന്‍ ആണെന്ന് വൈറ്റ് ഹൗസ് ആദ്യം പറഞ്ഞപ്പോള്‍, തനിക്ക് നടത്തിയത് സിടി സ്കാന്‍ ആണെന്ന് ട്രംപ് തന്നെ പിന്നീട് തിരുത്തിപ്പറഞ്ഞിരുന്നു. ഒരു പ്രസിഡന്റിന്റെ ഫിസിഷ്യന്‍ തന്റെ രോഗിക്ക് നടത്തിയത് എന്ത് സ്കാനിംഗ് ആണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ ചോദ്യം ചെയ്യുന്നു. ഇത് യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണെന്ന ആരോപണവും ഉയരുന്നുണ്ട്.



