സുഡാനിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ എണ്ണായിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ടെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടന ഔദ്യോഗികമായി അറിയിച്ചു. യുദ്ധം രൂക്ഷമായ തലസ്ഥാന നഗരമായ ഖാർത്തൂമിൽ നിന്നും സൈന്യം വിമതരെ തുരത്തിയതിന് ശേഷം പതിനായിരക്കണക്കിന് മൃതദേഹങ്ങളാണ് പലയിടങ്ങളിലായി കണ്ടെത്തിയത്. യുദ്ധസമയത്ത് ശ്മശാനങ്ങളിൽ പോകാൻ കഴിയാത്തതിനാൽ കളിസ്ഥലങ്ങളിലും വീട്ടുപറ്റങ്ങളിലും റോഡരികിലുമൊക്കെയാണ് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തത്. പേരുപോലും അവശേഷിപ്പിക്കാതെ മണ്ണിനടിയിൽ നിത്യനിദ്രയിലാണവർ!
കാണാതായ തങ്ങളുടെ കുടുംബാംഗങ്ങൾ ജീവിച്ചിരിപ്പുണ്ടോ അതോ മരണപ്പെട്ടോ എന്നറിയാതെ കടുത്ത മാനസിക വിഷമത്തിലാണ് ആയിരക്കണക്കിന് അഭയാർഥികൾ ഇപ്പോൾ ജീവിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താനായി ചിത്രങ്ങളുമായി ആശുപത്രികളും ജയിലുകളും കയറിയിറങ്ങിയും മൈക്കിലൂടെ പേര് വിളിച്ചുപറഞ്ഞും ബന്ധുക്കൾ ഇപ്പോഴും തെരുവുകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. യുദ്ധത്തിൽ ഡിഎൻഎ പരിശോധനാ കേന്ദ്രങ്ങൾ തകർന്നതും വിദഗ്ദ്ധരുടെ കുറവും കാരണം കണ്ടെത്തുന്ന മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയുന്നത് അധികൃതർക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
നിലവിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ ഭാവിയിലെ പരിശോധനകൾക്കായി അധികൃതർ പ്രത്യേകം ശേഖരിച്ചു വെക്കുന്നുണ്ട്. ഇതോടൊപ്പം താല്കാലികമായി പലയിടത്തും കുഴിച്ചിട്ടിരുന്ന മുപ്പതിനായിരത്തോളം മൃതദേഹങ്ങൾ മാറ്റി മാന്യമായ രീതിയിൽ പൊതുശ്മശാനങ്ങളിൽ അടക്കം ചെയ്യാനുള്ള വലിയ ശ്രമങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. പ്രിയപ്പെട്ടവർക്ക് മതപരമായ ചടങ്ങുകളോടെ അവസാനമായി ആദരവ് നൽകാൻ കഴിയുന്നത് തങ്ങളുടെ ജീവിതത്തിൽ വലിയൊരു ആശ്വാസമാണെന്ന് ദുരന്തബാധിതരായ കുടുംബങ്ങൾ വ്യക്തമാക്കുന്നു.



