ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ 40 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ അനുവദിച്ച് ശ്രീലങ്ക. പുതിയ വിസാ നയം 2026 മെയ് 25 മുതല്‍ നിലവില്‍ വന്നതായി ശ്രീലങ്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് എമിഗ്രേഷന്‍ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്നതിനുമാണ് പുതിയ പരിഷ്‌കാരം.

യോഗ്യരായ വിനോദസഞ്ചാരികള്‍ക്ക് ആദ്യ പ്രവേശന തീയതി മുതല്‍ 30 ദിവസത്തേക്ക് ശ്രീലങ്കയില്‍ താമസിക്കാം. 30 ദിവസത്തെ ഈ കാലാവധിക്കുള്ളില്‍ രാജ്യത്ത് പ്രവേശിച്ച് പുറത്തുപോയ ശേഷം, വീണ്ടും ഒരു തവണ കൂടി പ്രവേശിക്കാന്‍ ഈ വിസയിലൂടെ അനുമതിയുണ്ടാകും. ഇതൊരു ‘വിസ ഓണ്‍ അറൈവല്‍’ സംവിധാനമല്ല. യാത്രാച്ചെലവ് കുറഞ്ഞെങ്കിലും, യാത്ര പുറപ്പെടുന്നതിന് മുന്‍പായി ശ്രീലങ്കയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) എടുത്തിരിക്കണം. അപേക്ഷാ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

സിംഗപ്പൂര്‍, മാലിദ്വീപ്, സീഷെല്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ സൗജന്യ ഇ.ടി.എ ബാധകമാണ്. ഇതില്‍ മാലിദ്വീപ് പൗരന്മാര്‍ക്ക് ഉഭയകക്ഷി കരാര്‍ പ്രകാരം 90 ദിവസത്തെ വിസ ലഭിക്കും. ശ്രീലങ്കയിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പുതിയ നിരക്ക് ഇളവ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ നേട്ടമാകും. ഇന്ത്യയെ കൂടാതെ യുകെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റഷ്യ, ജര്‍മ്മനി, ചൈന, ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ഈ 40 രാജ്യങ്ങളുടെ പട്ടികയിലുണ്ട്.