കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഡൽഹി ഹൈക്കമാൻഡിന് മുന്നിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എ.ഐ.സി.സി നേതൃത്വവുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തുകയാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കുന്ന നിർണ്ണായക ചർച്ചകളിൽ പങ്കെടുക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്.

സിദ്ധരാമയ്യ സർക്കാർ മൂന്ന് വർഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ. സർക്കാർ രൂപീകരണ സമയത്തെ ധാരണപ്രകാരം രണ്ടര വർഷം കഴിഞ്ഞാൽ തനിക്ക് അധികാരം കൈമാറണമെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ ശക്തമായ വാദം. എന്നാൽ, അഞ്ച് വർഷം തികച്ചുതന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. തനിക്കൊപ്പമുള്ള ഒരു കൂട്ടം മന്ത്രിമാരുമായാണ് അദ്ദേഹം ഇത്തവണ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നത്.

തർക്കങ്ങൾ പരിഹരിക്കുന്നതിനായി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭാ സീറ്റും കേന്ദ്ര നേതൃത്വത്തിൽ പ്രധാന പദവിയും നൽകാനുള്ള ഫോർമുലയാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ബിഹാറിൽ നിതീഷ് കുമാറിനെ മാറ്റിയതിന് സമാനമായ തന്ത്രമാണ് ഇവിടെയും ലക്ഷ്യമിടുന്നത്. എന്നാൽ, താൻ ഒഴിഞ്ഞാൽ പകരം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനെ സിദ്ധരാമയ്യ അനുകൂലിക്കുന്നില്ല. ഭൂരിപക്ഷം എം.എൽ.എമാരും തനിക്കൊപ്പമുണ്ടെന്ന സമ്മർദ്ദ തന്ത്രമാണ് അദ്ദേഹം ഇതിനെതിരെ ഉപയോഗിക്കുന്നത്.

ഡി.കെ. ശിവകുമാറിനെ വെട്ടി അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയാക്കണമെന്ന ബദൽ നിർദ്ദേശം സിദ്ധരാമയ്യ മുന്നോട്ട് വെച്ചേക്കുമെന്നാണ് വിവരം. ഖാർഗെ കർണാടകത്തിലേക്ക് മടങ്ങുകയാണെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന എ.ഐ.സി.സി അധ്യക്ഷ പദവിയിലേക്ക് കെ.സി. വേണുഗോപാലിനെ കൊണ്ടുവരാൻ ഹൈക്കമാൻഡ് ഈ നീക്കത്തെ പിന്തുണച്ചേക്കുമെന്നും സിദ്ധരാമയ്യ പക്ഷം കണക്കുകൂട്ടുന്നു. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന കെ.സി. വേണുഗോപാലിന് ദേശീയതലത്തിൽ അർഹമായ പദവി നൽകുമെന്ന് ലീഡർഷിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തന്റെ മകൻ യതീന്ദ്രയെ കർണാടക മന്ത്രിസഭയിൽ ഉൾപ്പെടുത്താനും സിദ്ധരാമയ്യ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വെറും ചിരി മാത്രമൊതുക്കിയാണ് ഡി.കെ. ശിവകുമാർ പ്രതികരിച്ചത്. വരും ദിവസങ്ങളിൽ കർണാടക രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് സൂചന.