സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് (CJP) പരസ്യ പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് (TMC) അധ്യക്ഷ മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നടന്ന തുടർച്ചയായ ആഭ്യന്തര അവലോകന യോഗങ്ങൾക്ക് ശേഷമാണ് ഇരുവരും ഈ ഡിജിറ്റൽ കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി ഡെറക് ഒബ്രയാനാണ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ (X) അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്.

“പോരാട്ടം തുടരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരും. ഒപ്പം കോക്രോച്ച് ജനതാ പാർട്ടിയോടുള്ള തങ്ങളുടെ വലിയ താല്പര്യവും പൂർണ്ണ പിന്തുണയും അവർ പ്രകടിപ്പിച്ചു,” എന്ന് ഡെറക് ഒബ്രയാൻ കുറിച്ചു. രാജ്യത്തെ യുവാക്കളുടെ ആശങ്കകളെ പ്രതിഫലിപ്പിക്കുന്ന ഡിജിറ്റൽ പ്രതിഷേധമായാണ് തൃണമൂൽ കോൺഗ്രസ് ഇതിനെ വിലയിരുത്തുന്നത്.

ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് അഭിജീത് ദീപ്‌കെ കഴിഞ്ഞ മെയ് 16-നാണ് സോഷ്യൽ മീഡിയയിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേജ് ആരംഭിക്കുന്നത്. രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോടും’ ‘സമൂഹത്തിലെ പരാന്നഭോജികളോടും’ ഉപമിച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റേതെന്ന പേരിൽ പ്രചരിച്ച പരാമർശത്തോടുള്ള കടുത്ത പ്രതിഷേധമായാണ് ഈ ഗ്രൂപ്പ് രൂപപ്പെട്ടത്. (വ്യാജ ബിരുദങ്ങൾ സമ്പാദിക്കുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കുകയുണ്ടായി).

ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (BJP) പേരിനെ പരിഹസിച്ചുകൊണ്ട് രൂപീകരിച്ച ഈ കൂട്ടായ്മ, കോക്രോച്ചിനെ തങ്ങളുടെ ഔദ്യോഗിക ചിഹ്നമായി സ്വീകരിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലും എക്സിലുമായി കോടിക്കണക്കിന് ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഈ പേജ് ബി.ജെ.പിയുടെ ഔദ്യോഗിക പേജുകളുടെ ഫോളോവേഴ്‌സ് എണ്ണത്തെപ്പോലും മറികടന്ന് വലിയ രാഷ്ട്രീയ ചർച്ചയായി മാറി. ‘തൊഴിലില്ലാത്തവർ, മടിയന്മാർ, എപ്പോഴും ഓൺലൈനിൽ ഇരിക്കുന്നവർ’ തുടങ്ങിയ മാനദണ്ഡങ്ങളാണ് തമാശരൂപേണ ഇവർ തങ്ങളുടെ മെമ്പർഷിപ്പിനായി നിശ്ചയിച്ചിരുന്നത്.

സമീപകാലത്ത് നീറ്റ്-യുജി (NEET-UG 2026) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഈ കൂട്ടായ്മ സജീവമായി ഡിജിറ്റൽ ക്യാമ്പെയ്നുകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഗവൺമെന്റ് ഇടപെട്ട് ബ്ലോക്ക് ചെയ്തതായി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആരോപിച്ചു. പല അക്കൗണ്ടുകളും ഇന്ത്യയിൽ വിലക്കപ്പെടുകയും പേജുകൾ ഹാക്ക് ചെയ്യപ്പെടുകയും ചെയ്തതായും അദ്ദേഹം പരാതിപ്പെട്ടു.

ഈ പേജിലെ ഫോളോവേഴ്‌സിൽ ഭൂരിഭാഗവും പാകിസ്താനിൽ നിന്നുള്ള ബോട്ടുകളാണെന്ന ഭരണപക്ഷ നേതാക്കളുടെ ആരോപണങ്ങൾക്കെതിരെ, തന്റെ പേജിലെ 94 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്ന ഇൻസ്റ്റാഗ്രാം ഡാറ്റാ റെക്കോർഡുകൾ പുറത്തുവിട്ട് അഭിജീത് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നിലവിൽ യഥാർത്ഥ അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ ആരംഭിച്ച പുതിയ എക്സ് അക്കൗണ്ടിന് നിലവിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.