ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനം ‘കോക്രോച്ച് ജനത പാർട്ടി’യുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തര ഇടപെടലിന് ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ അഭിഭാഷകർ ‘ഇത്രയധികം വികാരാധീനരാകേണ്ടതില്ലെന്ന്’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവിൽ കേസിൽ അടിയന്തര ഇടപെടലിന്റെ സാഹചര്യമില്ലെന്നും ഹർജികൾ സാധാരണ നടപടിക്രമങ്ങളിലൂടെ പിന്നീട് പരിശോധിക്കാമെന്നും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
കോടതിയുടെ നിരീക്ഷണങ്ങളെ വാണിജ്യപരമായി ഉപയോഗിക്കുന്നതിനെതിരെ നടപടി വേണമെന്നും കോക്രോച്ച് ജനത പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് പൊതുതാൽപ്പര്യ ഹർജികളാണ് കോടതിക്ക് മുന്നിലെത്തിയത്. ഈ ഓൺലൈൻ പ്രസ്ഥാനം ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കുകയാണെന്ന് അഭിഭാഷകൻ എൻ.കെ. ഗോസ്വാമി വാദിച്ചപ്പോഴാണ് വൈകാരികമായി പ്രതികരിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.



