അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച ഡൽഹിയിലെത്തി. രാവിലെ കൊൽക്കത്തയിലെത്തിയ അദ്ദേഹം ഉച്ചയോടെ ഡൽഹിയിലെത്തി. ഇന്ന് വൈകിട്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിർണ്ണായകമായ ചർച്ചകൾ നടത്തും.

മെയ് 23 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന റൂബിയോയുടെ നാല് ദിവസത്തെ ഇന്ത്യൻ പര്യടനം വ്യാപാരം, പ്രതിരോധം, ഊർജ്ജം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നിവയിൽ ന്യൂഡൽഹിയും വാഷിംഗ്ടണും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനിടയിലാണ് നടക്കുന്നത്. ഇതിനുപുറമെ, 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത നഗരം സന്ദർശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുൻപ് 2012-ൽ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റനാണ് കൊൽക്കത്ത സന്ദർശിച്ചിരുന്നത്.