റേസിംഗ് ലോകത്തെ ഇതിഹാസ താരവും രണ്ട് തവണ നാസ്‌കാര്‍ കപ്പ് സീരീസ് ചാമ്പ്യനുമായ കൈല്‍ ബുഷ് (41) അന്തരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം കായികലോകത്തെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കൈല്‍ ബുഷിന്റെ വിയോഗത്തില്‍ നാസ്‌കാര്‍, റിച്ചാര്‍ഡ് ചൈല്‍ഡ്രസ് റേസിംഗ്, ബുഷ് കുടുംബം എന്നിവര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി:
‘കൈല്‍ ബുഷിന്റെ പെട്ടെന്നുള്ളതും ദാരുണവുമായ വിയോഗം അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഖമുണ്ട്. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ജനിക്കുന്ന അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹം. കഠിനാധ്വാനിയും, കായികരംഗത്തെയും ആരാധകരെയും ഒരുപോലെ സ്‌നേഹിച്ച പ്രിയങ്കരനായ വ്യക്തിയായിരുന്നു കൈല്‍. അദ്ദേഹത്തിന്റെ വിയോഗം നാസ്‌കാര്‍ കുടുംബത്തിന് താങ്ങാനാവാത്ത നഷ്ടമാണ്.’
സമാനതകളില്ലാത്ത കരിയര്‍ റെക്കോര്‍ഡുകള്‍
രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറില്‍ നാസ്‌കാറിന്റെ മൂന്ന് ദേശീയ പരമ്പരകളിലുമായി 234 വിജയങ്ങള്‍ നേടി കൈല്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 2004 മുതല്‍ കപ്പ് സീരീസിന്റെ ഭാഗമായ അദ്ദേഹം 762 മത്സരങ്ങളില്‍ നിന്നായി 63 വിജയങ്ങള്‍ സ്വന്തമാക്കി. 2015, 2019 വര്‍ഷങ്ങളില്‍ ജോ ഗിബ്‌സ് റേസിംഗിനായി അദ്ദേഹം ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങള്‍ നേടി.
നാസ്‌കാര്‍ ഒറെയ്ലി ഓട്ടോ പാര്‍ട്സ് സീരീസില്‍ 102 വിജയങ്ങളും, നാസ്‌കാര്‍ ക്രാഫ്റ്റ്സ്മാന്‍ ട്രക്ക് സീരീസില്‍ 69 വിജയങ്ങളുമായി എക്കാലത്തെയും വലിയ റെക്കോര്‍ഡ് ഉടമയാണ് കൈല്‍ ബുഷ്. തന്റെ കരിയറിന്റെ ഭൂരിഭാഗവും ജോ ഗിബ്‌സ് റേസിംഗില്‍ ചെലവഴിച്ച ബുഷ്, 2022 സീസണിന് ശേഷമാണ് റിച്ചാര്‍ഡ് ചൈല്‍ഡ്രസ് റേസിംഗിലേക്ക് മാറിയത്. അവിടെ തന്റെ ആദ്യ സീസണില്‍ തന്നെ മൂന്ന് തവണ അദ്ദേഹം വിജയപീഠമേറി.
ഈ സീസണില്‍ ചില പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെങ്കിലും, ഫെബ്രുവരിയില്‍ നടന്ന ഡേറ്റോണ 500 ല്‍ പോള്‍ പൊസിഷന്‍ നേടാനും രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് വാട്ട്കിന്‍സ് ഗ്ലെനില്‍ സീസണിലെ തന്റെ ഏറ്റവും മികച്ച എട്ടാം സ്ഥാനം സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ മുന്‍ കപ്പ് ഡ്രൈവര്‍ ഗ്രെഗ് ബിഫില്‍ വിമാനാപകടത്തില്‍ മരിച്ചതിന് ശേഷം, ആറ് മാസത്തിനിടെ നാസ്‌കാര്‍ ലോകത്തെ ഞെട്ടിക്കുന്ന രണ്ടാമത്തെ ദാരുണമായ വിയോഗമാണിത്. 2001 ല്‍ ഡേറ്റോണ 500 ന്റെ അവസാന ലാപ്പില്‍ ഇതിഹാസ താരം ഡെയ്ല്‍ ഏണ്‍ഹാര്‍ട്ട് മരിച്ചതിന് ശേഷം, റേസിംഗ് കരിയറില്‍ സജീവമായിരിക്കെ അന്തരിക്കുന്ന ആദ്യത്തെ നാസ്‌കാര്‍ കപ്പ് സീരീസ് ഡ്രൈവറാണ് കൈല്‍ ബുഷ്.
ഭാര്യ സാമന്ത, മക്കളായ ബ്രെക്സ്റ്റണ്‍, ലെന്നിക്‌സ് എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ പ്രയാസകരമായ ഘട്ടത്തില്‍ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് നാസ്‌കാര്‍ അധികൃതര്‍ ആരാധകരോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു.



