അമേരിക്കയും ഇസ്രായേലുമായി നിലനിന്നിരുന്ന കടുത്ത സൈനിക യുദ്ധത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ, തങ്ങളുടെ ഡ്രോൺ ഉത്പാദന ശൃംഖലകൾ പുനഃസ്ഥാപിച്ചുകൊണ്ട് ഇറാൻ. യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലുകളെ ഉദ്ധരിച്ച് സിഎൻഎൻ (CNN) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ തകർന്ന സൈനിക വ്യവസായ അടിത്തറകൾ അമേരിക്കൻ അധികൃതർ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് ഇറാൻ പുനർനിർമ്മിക്കുന്നത്.
“ഇറാന്റെ സൈനിക വീണ്ടെടുക്കൽ പ്രക്രിയയെക്കുറിച്ച് അമേരിക്കൻ ഇന്റലിജൻസ് കമ്മ്യൂണിറ്റി (IC) കണക്കാക്കിയിരുന്ന എല്ലാ സമയപരിധികളെയും അവർ അട്ടിമറിച്ചിരിക്കുകയാണ്,” ഒരു യുഎസ് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. നിലവിലുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെയുള്ള സൈനിക നടപടികൾ വീണ്ടും ആരംഭിക്കുമെന്ന് യുഎസ് പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സുരക്ഷാ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്.



