പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും .

പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് നിലവിൽ പരോൾ ലഭിച്ചത്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ 20 ദിവസത്തെ പരോളിൽ വീട്ടിലെത്തിയതായി റിപ്പോർട്ടുണ്ട്.മാനദണ്ഡങ്ങൾ ലംഘിച്ചാണ് പരോൾ അനുവദിച്ചതെന്നാരോപണം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയിൽ വകുപ്പ് പരോൾ നടപടികൾക്ക് അനുമതി നൽകിയതെന്നും വിമർശനമുയർന്നിട്ടുണ്ട്.