നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഎമ്മിനകത്തെ വിമർശനങ്ങൾ ശക്തമാകുന്നു. ആറന്മുളയിൽ വീണ ജോർജിന്റെ പരാജയത്തിന് പ്രധാന കാരണം അവരുടെ പെരുമാറ്റ ശൈലിയാണെന്ന വിമർശനമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നത്.

പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്നും, പൊതുപ്രവർത്തകരുമായി ആവശ്യമായ ബന്ധം പുലർത്തിയില്ലെന്നും യോഗത്തിൽ ചില അംഗങ്ങൾ വിമർശിച്ചതായാണ് വിവരം. അനാവശ്യ വിവാദങ്ങളിൽ സ്വയം ഇടപെട്ടത് തിരിച്ചടിയായെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും സ്ഥാനാർഥി നിർണയത്തെയും കുറിച്ചും യോഗത്തിൽ വിമർശനം ഉയർന്നു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയനായിരുന്നു എന്നും, പകരം ശൈലജ ടീച്ചറെ ഈഗോ രാഷ്ട്രീയത്തിന്റെ പേരിൽ ‘ബലി കൊടുത്തുവെന്നും’ ചില നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വിലയിരുത്താനായുള്ള യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളും യോഗത്തിൽ അവതരിപ്പിച്ചു.

ഇതിനിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതായാണ് വിവരം. പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും രാഷ്ട്രീയ ശൈലിയാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നാണ് ചില അംഗങ്ങളുടെ വിലയിരുത്തൽ.

അതേസമയം, പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തത് വ്യക്തിപരമായ തീരുമാനമല്ലെന്നും അത് പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും സിപിഎം നേതാവ് തോമസ് ഐസക്ക് പ്രതികരിച്ചു. “ആരെയും കെട്ടിയിറക്കിയതല്ല, പാർട്ടി തീരുമാനിച്ച കാര്യമാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.