കൊല്ലം: തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം പിണറായി വിജയൻ വീണ്ടും പ്രതിപക്ഷ നേതാവായത് ശരിയായില്ലെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. പിണറായി നയിച്ചതാണ് കനത്തതോൽവിക്ക് കാരണം. ഈ സാഹചര്യത്തിൽ അദ്ദേഹം മാറിനിന്ന് പുതിയ ടീം നയിക്കണമായിരുന്നെന്നും വിമർശനമുയർന്നു
പുതുതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുപകരം പിണറായി വീണ്ടും പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തത് ശരിയായില്ല. വീട്ടിൽ പോയി ചോദിക്ക്, ഡാഷ് മോനേ തുടങ്ങിയ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി.
മുഖ്യമന്ത്രിക്കെതിരായ വോട്ട് എല്ലാ മേഖലയിലും ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പയ്യന്നൂരിലെ രക്തസാക്ഷിഫണ്ട് വിവാദം, തളിപ്പറമ്പ് സ്ഥാനാർഥി നിർണയം എന്നിവയിലൂടെ പാർട്ടിതന്നെ യുഡിഎഫിന് വിജയിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നെന്നും യോഗത്തിൽ വിമർശനമുണ്ടായി.
മേൽത്തട്ടിൽ ചില നേതാക്കളെ പ്രീണിപ്പിച്ചതാണ് അടിയൊഴുക്കുണ്ടാകാൻ കാരണം. വികസന ക്ഷേമപ്രവർത്തനങ്ങൾ ഏറെയുണ്ടായെങ്കിലും ഭരണവിരുദ്ധ തരംഗമുണ്ടായിരുന്നു. ജനവികാരം മനസിലാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല.
പാർട്ടിക്കും മുന്നണിക്കും ഉള്ളിൽനിന്നുതന്നെ വലിയനിലയിൽ വോട്ട് ചോർന്നു. ശക്തികേന്ദ്രങ്ങളിലെ തോൽവിയും വോട്ടുചോർച്ചയും ഇതിന് തെളിവാണ്. നേതാക്കളുടെ ധാർഷ്ട്യം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റി.
എല്ലാ ജനവിഭാഗങ്ങളും ഇടതുമുന്നണിയെ കൈവിട്ടു. ഈ ജനവികാരം മനസിലാക്കാൻ പാർട്ടിക്കും നേതാക്കൾക്കും കഴിയാതെപോയി. ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും എൽഡിഎഫിനെ കൈവിട്ടെന്നും വിമർശനമുയർന്നു.



