കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവം ഒരു നാടിന് മുഴുവൻ തീരാനോവായി. ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി രജിന്‍ലാലിന്റെ ഭാര്യ പൂവത്തുംചാലില്‍ സോന (27) ആണ് മരിച്ചത്. കാര്‍ ഓടിച്ച ഭര്‍ത്താവ് രജിന്‍ലാൽ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് രജിൻലാലും സോനയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരാനിരിക്കുന്ന സന്തോഷത്തിലായിരുന്നു ഇരുവരും.
എന്നാല്‍ ആ കാത്തിരിപ്പ് കണ്ണീരിലാഴ്ത്തി വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ ദുരന്തം സോനയുടെ ജീവൻ കവർന്നു. രാത്രി ഒമ്പത് കഴിഞ്ഞാണ് ചെറുവണ്ണൂരിൽ കാർ കത്തിയ വിവരം പുറത്തറിയുന്നത്. നാട്ടുകാരെല്ലാം ഉടനടി സ്ഥലത്തേക്ക് ഓടിയെത്തി. രക്ഷാപ്രവർത്തനത്തിലും ആളുകൾ കൈമെയ് മറന്ന് രംഗത്തുണ്ടായിരുന്നു.
അതിനാലാണ് പെട്ടെന്ന് തീ കെടുത്താനായത്. അപ്പോഴാണ് കക്കറ മുക്കിലെ നാട്ടുകാരൻ രജിൻലാലും ഭാര്യയുമാണ് കാറിനുള്ളിലുണ്ടായിരുന്നതെന്ന വിവരം അറിഞ്ഞത്. വിവരമറിഞ്ഞവരെല്ലാം ഒന്നും സംഭവിക്കരുതേയെന്ന പ്രാർഥനയോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കുമെത്തി. അപ്പോഴേക്കും സോനയുടെ മരണം സ്ഥിരീകരിച്ചിരുന്നു. രജിൻ ലാലിനെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.



