ന്യൂഡല്ഹി: നീറ്റ് ചോദ്യപ്പേപ്പര് നല്കാമെന്നു പറഞ്ഞ് വിദ്യാര്ഥിനിയോട് അപമര്യാദയായി പെരുമാറുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോണ് സംഭാഷണം പുറത്ത്. ലക്നോ സര്വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര് പരംജിത് സിംഗിന്റെ ഫോണ് സംഭാഷണമാണ് പുറത്തായത്.
രണ്ടു പേപ്പറുകള് സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണാന് വരുകയെന്നും അധ്യാപകന് ചോദിക്കുന്നുണ്ട്. എന്നാല് ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നാണ് വിദ്യാര്ഥിനി പറയുന്നത്.
ഫോൺ സംഭാഷണം ഇങ്ങനെ
‘പ്രിയപ്പെട്ടവളേ, ഞാന് നിനക്കായി രണ്ട് ചോദ്യപേപ്പറുകള് സംഘടിപ്പിച്ചിട്ടുണ്ട്. നീ എന്നെ കാണാന് എപ്പോഴാണ് വരുന്നത്?’
“സാര്, ഞാന് സിലബസ് മുഴുവന് പഠിച്ചു കഴിഞ്ഞു.’
“അപ്പോള് നീ എന്നെ ഒരു തവണ പോലും വന്ന് കാണില്ലേ?’
“എനിക്ക് വീട്ടിലെ കാര്യങ്ങള് നോക്കേണ്ടതുണ്ട്. ഞാന് വരാന് ശ്രമിക്കാം.’
“ശ്രമിക്കുകയല്ല വേണ്ടത്, പരീക്ഷയ്ക്ക് മുന്പ്, ഏഴ് ദിവസത്തിനകം വരണം.’
ചോദ്യപേപ്പര് ചോര്ത്തി നല്കാമെന്ന് പ്രലോഭിപ്പിച്ച് അസിസ്റ്റന്റ് പ്രഫസര് വിദ്യാർഥിനിയെ നിരന്തരം വേട്ടയാടിയിരുന്ന വിവരം ഇതോടെ പുറത്തുവന്നു.
ബിഎസ്സി സുവോളജി വിദ്യാര്ഥിനി സമര്പ്പിച്ച ഓഡിയോ റിക്കാര്ഡിംഗില്, പരീക്ഷയ്ക്ക് മുമ്പ് തന്നെ വന്ന് കാണാന് അസിസ്റ്റന്റ് പ്രൊഫസറായ പരംജിത് സിംഗ് പെണ്കുട്ടിയെ നിര്ബന്ധിക്കുന്നത് കേള്ക്കാം.
എന്നാല് തനിക്ക് ചോദ്യ പേപ്പറുകളുടെ ആവശ്യമില്ലെന്ന് പെണ്കുട്ടി ഇതിന് മറുപടി നല്കുന്നുണ്ട്. ഫോണ് കോള് അവസാനിച്ചതിന് ശേഷം, തന്നെ വീണ്ടും ലൈംഗീകമായി പീഡിപ്പിക്കുന്നതിന് വേണ്ടിയാണ് സിംഗ് വിളിച്ചുവരുത്തുന്നതെന്ന് പെണ്കുട്ടി ഓഡിയോയുടെ അവസാനം പറയുന്നുണ്ട്.
വിദ്യാർഥിനി ഓഡിയോ ക്ലിപ്പുകള് സര്വകലാശാലാ ഭരണവിഭാഗത്തിന് കൈമാറി. ഇതിന് പിന്നാലെ ലക്നോ സര്വകലാശാല പരീക്ഷാ കണ്ട്രോളര് പോലീസില് പരാതി നല്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് സര്വകലാശാല ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പ്രഫസറെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല് തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച അദ്ദേഹം, സര്വകലാശാലയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ കള്ളക്കേസില് കുടുക്കിയതാണെന്നാണ് പറയുന്നത്.
സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പ്പിക്കുന്ന തരത്തിലുള്ള ഏത് പ്രവര്ത്തനത്തെയും അതീവ ഗൗരവത്തോടെയായിരിക്കും കൈകാര്യം ചെയ്യുകയെന്ന് സര്വകലാശാലാ ഭരണവിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. 24 മണിക്കൂറിനകം അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കാന് വൈസ് ചാന്സലര് ജെ.പി. സൈനി ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിര്ദ്ദേശിച്ചു.



