തൃണമൂൽ കോൺഗ്രസ് (TMC) ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ ബിധാനഗർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തു. 2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രകോപനപരവും വംശീയവുമായ പ്രസംഗങ്ങൾ നടത്തിയെന്ന പരാതിയിലാണ് നടപടി.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമായ മെയ് 5-നാണ് സാമൂഹിക പ്രവർത്തകനായ രാജീവ് സർക്കാർ ബഗുയാതി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഏപ്രിൽ 27-നും മെയ് 3-നും ഇടയിൽ നടന്ന വിവിധ പ്രചാരണ പരിപാടികളിൽ അഭിഷേക് ബാനർജി പരസ്യമായി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.



