ഒരു വിദ്യാർത്ഥിനിയുമായി അശ്ലീല ഫോൺ സംഭാഷണത്തിൽ ഏർപ്പെടുകയും പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വശീകരിക്കാൻ ശ്രമിക്കുകയും ചെയ്ത ലഖ്‌നൗ സർവകലാശാലയിലെ പ്രൊഫസർ അറസ്റ്റിലായി. സർവകലാശാലയിലെ സുവോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ പരംജീത് സിംഗ് ഉൾപ്പെടുന്ന ഒരു ഓഡിയോ റെക്കോർഡിംഗ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അവസാന വർഷ ബിഎസ്‌സി വിദ്യാർത്ഥിനിയോട് ഇയാൾ ലൈംഗിക ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതായി ഈ ഓഡിയോ ക്ലിപ്പിൽ കേൾക്കാം. “ഡാർലിംഗ്, ഞാൻ നിനക്കായി പരീക്ഷാ പേപ്പർ ഒപ്പിച്ചു വെച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് മുൻപ് ഇങ്ങോട്ട് വരൂ, ഞാൻ അത് ഇവിടെ വെച്ച് തരാം,” എന്ന് ഇയാൾ വിദ്യാർത്ഥിനിയോട് പറഞ്ഞതായാണ് റിപ്പോർട്ട്.

ഇതേ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ വിദ്യാർത്ഥിനി സർവകലാശാല അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പരീക്ഷാ കൺട്രോളർ വിദ്യാനന്ദ് ത്രിപാഠി പോലീസിൽ ഔദ്യോഗികമായി പരാതി നൽകുകയുമായിരുന്നു. ഹസൻഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റാരോപിതനായ പ്രൊഫസറെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്.