മാലിദ്വീപിൽ കടലിനടിയിലെ ഗുഹയിൽ പര്യവേക്ഷണം നടത്തുന്നതിനിടെ അഞ്ച് ഇറ്റാലിയൻ മുങ്ങൽ വിദഗ്ധർക്ക് ദാരുണാന്ത്യം. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തമാണിതെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കി. ഇതുവരെ ഒരു മൃതദേഹം മാത്രമേ കണ്ടെടുത്തിട്ടുള്ളൂ. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് മോശം കാലാവസ്ഥ തടസ്സമായി തുടരുകയാണ്. 

വാവു അറ്റോളിൽ 50 മീറ്റർ താഴ്ചയിലുള്ള അടിയൊഴുക്കുള്ള ഗുഹകൾ പര്യവേക്ഷണം ചെയ്യാനാണ് ഈ അഞ്ചംഗ സംഘം യാത്ര തിരിച്ചത്. എന്നാൽ ഇവർ പിന്നീട് മുകളിലേക്ക് തിരിച്ച് വന്നില്ല. മരണകാരണം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം ശനിയാഴ്ച പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോണിക്ക മോണ്ടെഫാൽകോൺ, ജോർജിയ സോമാക്കൽ, ഫെഡറിക്കോ ഗ്വാൾട്ടിയേരി, മുറിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനെഡെറ്റി എന്നിവരാണ് അപകടത്തിൽപെട്ടതെന്ന് മാലിദ്വീപ് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. പര്യവേഷണത്തിനായി സംഘം ഡ്യൂക്ക് ഓഫ് യോർക്ക് എന്ന യാച്ചാണ് ഉപയോഗിച്ചത്.