ലിയോ പതിനാലാമൻ പാപ്പായുടെ ‘ദിലക്സി തേ’ (DILEXI TE) എന്ന അപ്പസ്തോലിക പ്രബോധനത്തിലെ 99 മുതൽ 102 വരെയുള്ള ഖണ്ഡികകളെ ആസ്പദമാക്കിയ ചിന്തകൾ. “ദരിദ്രരിലൂടെയുള്ള മനുഷ്യന്റെ സമഗ്ര വികസനം” എന്നതാണ് ഈ ഖണ്ഡികകളുടെ പ്രധാന ആശയം

സഭയിലും, സമൂഹത്തിലും ദാരിദ്ര്യമനുഭവിക്കുന്ന ആളുകളെ പ്രത്യേകമായ ഒരു താത്പര്യത്തോടെയും, കരുതലോടെയും സമീപിക്കണം എന്നതാണ്, ഈ അപ്പസ്തോലിക പ്രബോധനം, അതിന്റെ സമഗ്രതയിൽ, മുൻപോട്ടു വയ്ക്കുന്ന പ്രധാനപ്പെട്ട  ആശയം.  ദരിദ്രർ കേവലം സഹായം അർഹിക്കുന്നവരല്ല, മറിച്ച് സമൂഹത്തിന്റെയും സഭയുടെയും വളർച്ചയിൽ സജീവമായ പങ്കുവഹിക്കുന്ന ആളുകൾ  ആണെന്ന വിപ്ലവാത്മകമായ കാഴ്ചപ്പാടാണ് ഈ പ്രബോധനം മുന്നോട്ടുവെക്കുന്നത്.

 ദരിദ്രർക്കുവേണ്ടിയുള്ള മുൻഗണനാപരമായ നിലപാട് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്

ആഗോളവൽക്കരിക്കപ്പെട്ട ഇന്നത്തെ ലോകത്ത് നിലനിൽക്കുന്ന അസമത്വങ്ങളും സാമ്പത്തിക വൈവിധ്യങ്ങളും മനുഷ്യരാശിയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയെ എങ്ങനെ ബാധിക്കുന്നുവെന്നും, അതിനുള്ള പരിഹാരം ദരിദ്രരെ ഉൾക്കൊള്ളുന്നതിലൂടെ എങ്ങനെ സാധ്യമാകുമെന്നും, ലിയോ പതിനാലാമൻ പാപ്പാ  ഇവിടെ വിശദീകരിക്കുന്നു. അപ്പരേസിഡ (Aparecida) സമ്മേളനത്തിന്റെ ഉൾക്കാഴ്ചകളെ മുൻനിർത്തിയാണ്  ഈ നിലപാട് വ്യക്തമാക്കുന്നത്. ദരിദ്രർക്കുവേണ്ടിയുള്ള മുൻഗണനാപരമായ നിലപാട് എന്നത് വെറുമൊരു സാമൂഹിക സേവനമല്ല, മറിച്ച് അത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. ദൈവപുത്രൻ മനുഷ്യനായി അവതരിച്ചപ്പോൾ തിരഞ്ഞെടുത്തത് ദാരിദ്ര്യത്തിന്റെ വഴിയായിരുന്നു. നമ്മെ സമ്പന്നരാക്കാൻ വേണ്ടി ദരിദ്രനായിത്തീർന്ന ക്രിസ്തുവിന്റെ മാതൃകയാണ് സഭയെ ഈ വഴിയിൽ നയിക്കുന്നത്. ലോകത്തിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാവർക്കും ഇടമുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന  ഒരു ‘ജീവിതത്തിന്റെ മേശ’ ഒരുക്കുക എന്നത് സഭയുടെ ദൗത്യമാണ്. ഈ മേശയിൽ നിന്ന് ആരും പുറന്തള്ളപ്പെടരുത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സംസ്‌കാരം വളർത്തിയെടുക്കുമ്പോൾ മാത്രമേ മനുഷ്യന്റെ സമഗ്ര വികസനം സാധ്യമാകൂ എന്ന് പാപ്പാ  ഓർമ്മിപ്പിക്കുന്നു.

ദരിദ്രരായ സഹോദരങ്ങളുടെ ദർശനം നമുക്ക് വഴികാട്ടിയാണ്

ദരിദ്രരെ വെറും ഉപഭോക്താക്കളായോ അല്ലെങ്കിൽ ഔദാര്യം കൈപ്പറ്റുന്ന വസ്തുക്കളായോ കാണുന്ന രീതി മാറേണ്ടതുണ്ട്. അവർക്ക് സ്വന്തമായ ഒരു സംസ്‌കാരം രൂപപ്പെടുത്താനും അതിൽ ജീവിക്കാനുമുള്ള അവകാശമുണ്ടെന്നത് പ്രധാനമാണ്. ഓരോ സമൂഹത്തിനും അവരുടേതായ മൂല്യങ്ങളും വിശ്വാസങ്ങളും പാരമ്പര്യങ്ങളുമുണ്ട്. ദരിദ്രരായ ജനവിഭാഗങ്ങൾ അവരുടെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും രൂപപ്പെടുത്തിയെടുക്കുന്ന വിശ്വാസജീവിതത്തെ സഭ ആദരവോടെ കാണണം. ദാരിദ്ര്യത്തിന്റെ അനുഭവം മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത പല സത്യങ്ങളെയും ദർശിക്കാനുള്ള ഉൾക്കാഴ്ച അവർക്ക് നൽകുന്നുണ്ട് എന്നുള്ളതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ ലോകം അവരെ കേൾക്കാൻ തയ്യാറാകണം.

സുവിശേഷവൽക്കരണത്തിൽ ദരിദ്രർക്കുള്ള പങ്ക്

സുവിശേഷവൽക്കരണത്തിൽ ദരിദ്രർക്ക് വലിയ പങ്കുണ്ടെന്നതും പാപ്പാ അടിവരയിട്ടു പറയുന്നു. അവർ വെറുതെ വചനം കേൾക്കുന്നവരല്ല, മറിച്ച് തങ്ങളുടെ ലളിതമായ ജീവിതത്തിലൂടെയും കുടുംബബന്ധങ്ങളിലൂടെയും അയൽപക്ക ബന്ധങ്ങളിലൂടെയും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നവരാണ്. മക്കളെ വിശ്വാസത്തിൽ വളർത്തുന്നതും, പ്രയാസങ്ങൾക്കിടയിലും ദൈവത്തിൽ അചഞ്ചലമായി വിശ്വസിക്കുന്നതും ദരിദ്രരുടെ സവിശേഷതയാണ്. അവരുടെ ഈ ‘ജനകീയമായ’ വിശ്വാസരീതി സഭയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്. ദരിദ്രരോടുള്ള സൗഹൃദമാണ് അവരെ മനസ്സിലാക്കാനുള്ള ഏക വഴി. അവരോട് അടുത്തു നിൽക്കുമ്പോൾ മാത്രമേ അവരുടെ യഥാർത്ഥ ആവശ്യങ്ങളും ആഗ്രഹങ്ങളും നമുക്ക് തിരിച്ചറിയാൻ കഴിയൂ. അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും അവരെ വിമോചനത്തിന്റെ പാതയിലേക്ക് നയിക്കാനും ഈ സൗഹൃദം അനിവാര്യമാണ്.

ദരിദ്രരെ വിമോചനത്തിലേക്ക് നയിക്കുക എന്നാൽ അവർക്കൊപ്പം നടക്കുക എന്നർത്ഥം

ദരിദ്രർക്കുവേണ്ടിയുള്ള നിലപാട് എന്നത് അവരോടുള്ള ഒരു പ്രത്യേക സ്നേഹമാണ്. ഇത് വെറുമൊരു സഹതാപമല്ല, മറിച്ച് മറ്റൊരാളുടെ വ്യക്തിത്വത്തെ ആഴത്തിൽ ബഹുമാനിക്കുന്ന തരത്തിലുള്ള ശ്രദ്ധയാണ്. സ്നേഹത്തിൽ അധിഷ്ഠിതമായ ഈ ശ്രദ്ധയാണ് ഒരുവനെ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഇത് ഇന്ന് പലപ്പോഴും കാണപ്പെടുന്നതുപോലെ, പ്രശസ്തിക്കോ അല്ലെങ്കിൽ കടമ നിർവ്വഹിക്കാനോ വേണ്ടിയല്ല, മറിച്ച് ആ വ്യക്തിയുടെ അന്തർലീനമായ സൗന്ദര്യം തിരിച്ചറിഞ്ഞുകൊണ്ടാണ് നാം അവരെ സ്നേഹിക്കേണ്ടതെന്നു പാപ്പാ ഓർമ്മിപ്പിക്കുന്നു. ദരിദ്രരുടെ ജീവിതശൈലിയെയും അവരുടെ വിശ്വാസത്തെയും ആദരിക്കുമ്പോഴാണ് നമ്മുടെ സ്നേഹം അർത്ഥപൂർണ്ണമാകുന്നത്. അവരെ വിമോചനത്തിലേക്ക് നയിക്കുക എന്നാൽ അവർക്കൊപ്പം നടക്കുക എന്നാണ് അർത്ഥം. ദരിദ്രർക്കിടയിൽ താമസിക്കാനും അവരെപ്പോലെ ജീവിക്കാനും തയ്യാറായവരെ പാപ്പാ, തന്റെ വാക്കുകളിൽ  പ്രത്യേകം അഭിനന്ദിക്കുന്നു. ഇടയ്ക്കിടെ സന്ദർശനം നടത്തുന്നതിനേക്കാൾ വലിയ മൂല്യം അവരോടൊപ്പം വസിക്കുന്നതിനുണ്ട്. സുവിശേഷാത്മകമായ ജീവിതത്തിന്റെ ഏറ്റവും ഉന്നതമായ രൂപമാണിത്. ഇത്തരം സാമീപ്യമാണ് ദരിദ്രരെ വികസനത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നത്.

ദരിദ്രരായ സഹോദരങ്ങൾ ദൈവത്തിലുള്ള ഉറച്ച വിശ്വാസം നമ്മെ പഠിപ്പിക്കുന്നു

ദരിദ്രരിൽ നിന്നും നാം സുവിശേഷം പഠിക്കേണ്ടതുണ്ട് എന്ന ചിന്ത വളരെ പ്രധാനമാണ്. അവർക്ക് ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള  ജ്ഞാനം ഉണ്ട്. എല്ലാവിധ പ്രതിസന്ധികളിലും അതിജീവനത്തിന്റെ പാഠങ്ങൾ അവർ പഠിക്കുന്നത് ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിലൂടെയാണ്. മറ്റാരും സഹായിക്കാനില്ലാത്ത സാഹചര്യത്തിൽ ദൈവത്തിൽ മാത്രം അഭയം പ്രാപിക്കുന്ന അവരുടെ ആത്മീയത ഏറെ ആഴമുള്ളതാണ്. സുരക്ഷിതത്വത്തിന്റെ നടുവിൽ ജീവിക്കുന്നവർക്ക് ഈ ജ്ഞാനം ലഭിക്കണമെങ്കിൽ ദരിദ്രരുടെ അനുഭവങ്ങളെ ശ്രവിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലെ ചെറിയ പരാതികളെ അവരുടെ വലിയ കഷ്ടപ്പാടുകളുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ ജീവിതം എത്രത്തോളം ലളിതമാക്കേണ്ടതുണ്ടെന്ന ബോധ്യം നമുക്കുണ്ടാകും. ദരിദ്രരുടെ ദാരിദ്ര്യം നമ്മെ തിരുത്തുകയും ലളിതമായ ജീവിതത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.

മനുഷ്യന്റെ സമഗ്ര വികസനം കേവലം സാമ്പത്തിക വളർച്ചയല്ല

മനുഷ്യന്റെ സമഗ്ര വികസനം എന്നത് കേവലം സാമ്പത്തിക വളർച്ചയല്ല. അത് ആത്മീയവും സാമൂഹികവും സാംസ്‌കാരികവുമായ വളർച്ചയെയും കൂടി ഉൾക്കൊള്ളുന്ന ഒന്നാണ്. ഈ വികസന പ്രക്രിയയിൽ ദരിദ്രരെ മാറ്റിനിർത്താൻ കഴിയില്ല. അവരെ വികസനത്തിന്റെ ലക്ഷ്യങ്ങളായി മാത്രം കാണാതെ, വികസനത്തിന്റെ പങ്കാളികളായി കാണണം. ദരിദ്രരുടെ അനുഭവങ്ങളിൽ നിന്നും ഉയരുന്ന ജ്ഞാനം സമൂഹത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് അനിവാര്യമാണ്. അവർ പ്രദർശിപ്പിക്കുന്ന ഐക്യദാർഢ്യം, പരസ്പര സഹായം, സഹനശക്തി എന്നിവ ആധുനിക ലോകത്തിന് മാതൃകയാണ്. സമ്പന്നതയുടെയും ഉപഭോഗസംസ്‌കാരത്തിന്റെയും ഇടയിൽ വഴിതെറ്റിപ്പോകുന്ന മനുഷ്യന് ദരിദ്രരുടെ ജീവിതം ഒരു വഴികാട്ടിയാണ്. ദൈവത്തിന്റെ സ്നേഹം അനുഭവിക്കാനും അത് മറ്റുള്ളവർക്ക് പങ്കുവെക്കാനും ദാരിദ്ര്യം ഒരു തടസ്സമല്ലെന്ന് അവർ തെളിയിക്കുന്നു.

ലോകത്തെ പരിവർത്തനം ചെയ്യാൻ ദരിദ്രർക്ക് കഴിവുണ്ട്

ചുരുക്കത്തിൽ, ദരിദ്രർക്ക്  സഭയുടെയും സമൂഹത്തിന്റെയും ഹൃദയഭാഗത്താണ് സ്ഥാനം എന്നുള്ളതാണ് പാപ്പാ പ്രത്യേകമായി പറഞ്ഞുവയ്ക്കുന്നത്. അവരെ കേവലം ഗുണഭോക്താക്കളായി കാണുന്ന മനോഭാവം ഉപേക്ഷിച്ച്, ലോകത്തെ പരിവർത്തനം ചെയ്യാൻ കഴിവുള്ള ശക്തികളായി അവരെ അംഗീകരിക്കണം. അവരുടെ അന്തസ്സ് തിരിച്ചറിയുന്നതും അവരുടെ അവകാശങ്ങൾക്കായി പോരാടുന്നതും ക്രിസ്തീയ ദൗത്യത്തിന്റെ ഭാഗമാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. പാപ്പായുടെ ഈ വാക്കുകൾ, തുടർന്ന് തന്റെ പല സന്ദേശങ്ങളിലും എടുത്തു പറയുന്നതും, ലോകത്തിനു വലിയ ഒരു ആഹ്വാനമാണ്. 

‘ജീവിതത്തിന്റെ മേശ’യിൽ ആരും ഒഴിവാക്കപ്പെടുന്നില്ല

 ദരിദ്രരിലൂടെയുള്ള ഈ വികസന കാഴ്ചപ്പാട് മനുഷ്യനെ കൂടുതൽ വിനീതനും സ്നേഹസമ്പന്നനുമാക്കുന്നു. മറ്റുള്ളവരോട് കരുണ കാണിക്കാനും, അപ്രകാരം  ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്താനും  നമ്മെ സഹായിക്കുന്നു. എല്ലാവർക്കും പങ്കുചേരാവുന്ന ‘ജീവിതത്തിന്റെ മേശ’ യാഥാർത്ഥ്യമാകുമ്പോൾ മാത്രമേ മാനവികത അതിന്റെ പൂർണ്ണതയിലെത്തുകയുള്ളൂ. ദരിദ്രരോടുള്ള ഈ ആദരവും സ്നേഹവും കലർന്ന സമീപനമാണ് ലോകത്തെ കൂടുതൽ നീതിയുള്ളതും സമാധാനപൂർണ്ണവുമാക്കുന്നത്. അവരുടെ ലളിതമായ ജീവിതത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് നമ്മുടെ ജീവിതത്തെ ക്രമീകരിക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ സുവിശേഷമനുസരിച്ച് ജീവിക്കുന്നത്. ഇത് കേവലം ദരിദ്രരുടെ പുരോഗതി മാത്രമല്ല, മറിച്ച് മനുഷ്യരാശിയുടെ മുഴുവൻ ആത്മീയവും ഭൗതികവുമായ സമഗ്ര വികസനമാണ് ലക്ഷ്യം വെക്കുന്നത്.