സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഫതഹ്-4’ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. 750 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഭൂമിയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. മിസൈൽ വിക്ഷേപണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐഎസ്പിആർ പുറത്തുവിട്ടു.
അത്യാധുനിക ഗൈഡൻസ് സംവിധാനവും നാവിഗേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയ ഫതഹ്-4, ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രാപ്തമാണെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു.മിസൈലിന്റെ പറക്കൽ പാതയും കൃത്യതയും നിരീക്ഷിച്ച ഉദ്യോഗസ്ഥർ പരീക്ഷണം പൂർണ്ണ വിജയമാണെന്ന് വിലയിരുത്തി. ഈ നേട്ടത്തിൽ ശാസ്ത്രജ്ഞരെയും സൈനികരെയും പാകിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. രാജ്യത്തിന്റെ പ്രതിരോധ കവചം ശക്തമാക്കുന്നതിൽ ഈ മിസൈൽ നിർണ്ണായക പങ്ക് വഹിക്കുമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ ഈ പുതിയ മിസൈൽ പരീക്ഷണം. നേരത്തെ 400 കിലോമീറ്റർ പരിധിയുള്ള ഫതഹ്-2 മിസൈലും പാകിസ്ഥാൻ പരീക്ഷിച്ചിരുന്നു. പുതിയ പരീക്ഷണത്തിലൂടെ തങ്ങളുടെ ദീർഘദൂര ആക്രമണ ശേഷി വർദ്ധിപ്പിക്കാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.



