പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളിൽ പോലീസിന്റെ നിഷ്ക്രിയത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മമത ബാനർജി. “ബംഗാൾ ഒരു ബുൾഡോസർ രാജ്യമല്ല” എന്ന് വ്യക്തമാക്കിയ അവർ, അക്രമങ്ങൾ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് സുജോയ് പോൾ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുന്നിൽ വാദിച്ചു.
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായാണ് മമത ഒരു നിയമപോരാട്ടത്തിനായി നേരിട്ട് കോടതിയിൽ ഹാജരാകുന്നത്.പൊലീസിന്റെ സാന്നിധ്യത്തിലാണ് തങ്ങളുടെ പാർട്ടി ഓഫീസുകൾ കൊള്ളയടിക്കപ്പെട്ടതെന്നും പിടിച്ചെടുക്കപ്പെട്ടതെന്നും മമത കോടതിയിൽ പറഞ്ഞു. 10 പേർ കൊല്ലപ്പെട്ടതായും 160-ഓളം പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി.
“കൊല്ലപ്പെട്ട 10 പേരിൽ ആറ് പേർ ഹിന്ദുക്കളാണ്. എഫ്.ഐ.ആർ രേഖപ്പെടുത്താൻ പോലും പോലീസ് തയ്യാറാകുന്നില്ല. എന്റെ കുടുംബത്തിലെ 12 വയസ്സുള്ള പെൺകുട്ടികൾക്ക് പോലും ബലാത്സംഗ ഭീഷണി നേരിടേണ്ടി വരുന്നു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സാഹചര്യമായതിനാൽ ഓൺലൈൻ വഴിയാണ് ഞാൻ പരാതി നൽകുന്നത്,” മമത കോടതിയിൽ ബോധിപ്പിച്ചു.



