ഇസ്രായേല്‍ തടവുകാരെ തങ്ങളുടെ തന്നെ കുടുംബാംഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹമാസ് നിര്‍ബന്ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം പുറത്തുവന്ന ‘സൈലന്‍സ്ഡ് നോ മോര്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന പരാമര്‍ശം ഉള്ളത്. 430 ലധികം ഔദ്യോഗികവും അനൗദ്യോഗികവുമായ അഭിമുഖങ്ങള്‍, ദൃക്സാക്ഷികളുടെ മൊഴികള്‍, മടങ്ങിവന്ന ബന്ദികളുടെ വെളിപ്പെടുത്തലുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങളെക്കുറിച്ചും തുടര്‍ന്ന് ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികള്‍ നേരിട്ട ക്രൂരതകളെക്കുറിച്ചും പഠിക്കാന്‍ ഇസ്രായേലില്‍ രൂപീകരിച്ച സിവില്‍ കമ്മീഷന്‍ ആണ് ഈ പഠനം നടത്തിയത്. ഏകദേശം 300 പേജുകളുള്ള ഈ റിപ്പോര്‍ട്ട് ഹമാസ് നടത്തിയ ലൈംഗിക അതിക്രമങ്ങളെ 13 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
നിര്‍ബന്ധിത ലൈംഗിക പ്രവൃത്തികള്‍: ബന്ദികളാക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും സ്വന്തം കുടുംബാംഗങ്ങളുമായിപ്പോലും ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തുന്നു.
മനപൂര്‍വമായ അപമാനം: ഇത്തരം പ്രവൃത്തികള്‍ ഇരകളെ ശാരീരികമായി തകര്‍ക്കാന്‍ മാത്രമല്ല, മാനസികമായി തളര്‍ത്താനും കുടുംബ ബന്ധങ്ങളെ തകര്‍ക്കാനും ഹമാസ് ആസൂത്രിതമായി ചെയ്തതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മറ്റ് അതിക്രമങ്ങള്‍: ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗികാവയവങ്ങളെ വികൃതമാക്കല്‍, ലൈംഗിക അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കല്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘവും മുമ്പ് നടത്തിയ അന്വേഷണങ്ങളില്‍ ഹമാസിന്റെ കസ്റ്റഡിയില്‍ ലൈംഗിക അതിക്രമങ്ങള്‍ നടന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഹമാസ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു.



