തിരുവനന്തപുരം: വി.ഡി. സതീശനെ തുടക്കത്തിലേ പൂട്ടാൻ “ലീഗ് കാർഡ്’ ഇറക്കി എതിരാളികൾ. കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലീഗ് കാർഡ് ഇറക്കി എതിരാളികളുടെ കടുത്ത ആക്രമണം.
തുടക്കത്തിൽത്തന്നെ സതീശനെ സമ്മർദത്തിലാഴ്ത്താനുള്ള നീക്കമാണ് നടക്കുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതു മുസ്‌ലിം ലീഗിന്‍റെ താത്പര്യപ്രകാരമാണെന്നു പറഞ്ഞ് ആദ്യ വെടി പൊട്ടിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ്.

ഇതിനു പിന്നാലെ ബിജെപിയുടെ ഒൗദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സമാന ആരോപണം ഉന്നയിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും റീലുകളും പ്രത്യക്ഷപ്പെട്ടു. ബിജെപി അനുഭാവികൾ ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, ലീഗിന്‍റെ ആളായി ചിത്രീകരിച്ച് സതീശന്‍റെ കൈകെട്ടാനുള്ള നീക്കമാണ് എതിരാളികൾ നടത്തുന്നതെന്നു സതീശനെ അനുകൂലിക്കുന്നവർ പറയുന്നു.

102 സീറ്റ് നൽകി വൻ വിജയം സമ്മാനിച്ച ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണ് ഇത്തരം നീക്കങ്ങൾ. കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ഏതെങ്കിലും സമുദായത്തിന്‍റെയോ സംഘടനകളുടെയോ വക്താവായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനെ കേരള ജനത തള്ളിക്കളയുമെന്നും ഇത്തരം പ്രചാരണങ്ങളുമായി ഇറങ്ങുന്നവർ പരിഹാസ്യരാവുകയേയുള്ളെന്നും അവർ കൂട്ടിച്ചേർത്തു.

സുകുമാരൻ നായർക്കു പിന്നാലെ ഹൈക്കമാൻഡ് തീരുമാനം വന്നതിനുതൊട്ടുപിന്നാലെ കെ.സി. വേണുഗോപാലിനെ ആവോളം പുകഴ്ത്തിയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവന ഇറക്കിയത്. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലുള്ള അനിഷ്ടമാണ് ഇതിലൂടെ സൂചിപ്പിച്ചതെന്നു കരുതുന്നു.

എന്നാൽ, വർഗീതയ്ക്കെതിരേ ശക്തമായ നിലപാടുള്ള വി.ഡി ഇത്തരം സമ്മർദങ്ങളെയെല്ലാം അതിജീവിക്കുമെന്നും സാമുദായികശക്തികളുടെ താളത്തിനൊത്തു തുള്ളാൻ അദ്ദേഹത്തെ കിട്ടില്ല എന്നതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും സതീശൻ അനുയായികൾ ചൂണ്ടിക്കാട്ടി.